ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പാർലമെന്റിലും തെരുവിലും ഒരുപോലെ കേന്ദ്രത്തെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് പ്രതിപക്ഷ കക്ഷികൾ നടത്തുന്നത്. കോക്രോച്ച് ജനതാ പാർട്ടി (CJP) ആരംഭിച്ച പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു.(Rahul Gandhi and Priyanka Gandhi detained during protest over NEET row near PM residence)
മല്ലികാർജ്ജുന ഖർഗെയുടെ വസതിയിലെ യോഗത്തിന് എന്ന പേരിൽ ഒന്നിച്ചുകൂടിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഖർഗെ, കെ.സി. വേണുഗോപാൽ, ഡി.കെ. ശിവകുമാർ, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുകയായിരുന്നു. തുടർന്ന് അതീവ സുരക്ഷാ മേഖലയിലെ ഗേറ്റിനു മുന്നിൽ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, പി.സി. വിഷ്ണുനാഥ്, കേരളത്തിൽ നിന്നുള്ള എം.പിമാർ എന്നിവരും സമരത്തിൽ പങ്കെടുത്തു.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി അനുനയ ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. തുടർന്ന് ഡൽഹി പോലീസ് കടുത്ത ബലപ്രയോഗത്തിലൂടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു. പോലീസ് നടപടിക്കിടെ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്.
പരീക്ഷാ അട്ടിമറിയെക്കുറിച്ച് പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് സ്പീക്കർ അറിയിച്ചെങ്കിലും സർക്കാരിന്റെ അനുമതി വേണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയതെന്നും, വിഷയത്തിൽ ചർച്ചയ്ക്ക് സർക്കാരിന് താല്പര്യമില്ലെന്നും രാഹുൽ ആരോപിച്ചു. ഡൽഹിയിൽ പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ, പാർലമെന്റിന്റെ ഇരുസഭകളും ഇന്നത്തെ സമ്മേളനത്തിൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത.
Story Summary
Congress leaders including Rahul Gandhi and Priyanka Gandhi were detained by Delhi Police following a surprise protest march towards the Prime Minister’s residence demanding the resignation of Education Minister Dharmendra Pradhan over the NEET exam irregularities. Opposition parties have intensified their agitation, threatening to disrupt Parliament proceedings if an urgent discussion on the issue is not allowed.


