ന്യൂഡൽഹി: മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’യുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ അഡ്വാൻസ് ബുക്കിംഗിൽ ചരിത്ര കുതിപ്പ്. അമേരിക്കയിലെ പ്രീമിയം തിയേറ്ററുകളിൽ ആരംഭിച്ച പ്രീ-സെയിൽസിൽ വെറും 12 മണിക്കൂറിനുള്ളിൽ 10 ദശലക്ഷം ഡോളറിലധികം ടിക്കറ്റ് വിൽപ്പന നേടി ചിത്രം റെക്കോർഡ് കുറിച്ചു.(Avengers: Doomsday earns over 10 million dollars in 12 hours of pre sales following trailer release)
ആകെ ലഭ്യമായ തിയേറ്റർ ഷോകളുടെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ ടിക്കറ്റ് വിൽപ്പനയ്ക്കായി തുറന്നു നൽകിയിട്ടുള്ളത് എന്നത് കണക്കിലെടുക്കുമ്പോഴാണ് ഈ നേട്ടത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്. ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ്, തണ്ടർബോൾട്ട്സ്, ദി ഫന്റാസ്റ്റിക് ഫോർ തുടങ്ങിയ സമീപകാല മാർവൽ ചിത്രങ്ങളുടെ ആദ്യദിന ബുക്കിംഗ് റെക്കോർഡുകളെ വെറും രണ്ട് മണിക്കൂർ കൊണ്ടാണ് ‘ഡൂംസ്ഡേ’ മറികടന്നത്.
ഐമാക്സിന് ബദലായി ഡിസ്നി അവതരിപ്പിച്ച പുതിയ ‘ഇൻഫിനിറ്റി വിഷൻ’ ഫോർമാറ്റിലുള്ള വലിയ സ്ക്രീനുകളിലാണ് നിലവിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 18-ന് ആണ് ചിത്രത്തിൻ്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകരായ ആന്റണി റൂസ്സോയും ജോ റൂസ്സോയും (റൂസ്സോ ബ്രദേഴ്സ്) ചേർന്നാണ് ചിത്രം ഒരുക്കുന്നത്. അയൺമാനായി തിളങ്ങിയ റോബർട്ട് ഡൗണി ജൂനിയർ ‘ഡോക്ടർ ഡൂം’ എന്ന വില്ലൻ കഥാപാത്രമായി തിരിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.
Story Summary
Marvel Studios’ upcoming film Avengers Doomsday has shattered advance booking records by earning over 10 million dollars within just 12 hours of pre-sales opening in select US theaters. Directed by the Russo Brothers and featuring Robert Downey Jr. as Doctor Doom, the movie is scheduled for a worldwide release on December 18.


