ന്യൂഡൽഹി: പ്രസിദ്ധീകരിക്കാത്ത തന്റെ ഓർമ്മക്കുറിപ്പുകളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതും സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നതും അങ്ങേയറ്റം അന്യായമാണെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവണെ. ചൈനയുമായുള്ള 2020-ലെ അതിർത്തി സംഘർഷത്തിന്റെ നിർണ്ണായക ഘട്ടത്തിൽ താൻ ഒറ്റപ്പെട്ടിരുന്നില്ലെന്നും സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(Not abandoned by government during 2020 LAC standoff, says ex-army chief Naravane after book row)
വിവിധ വാർത്താ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് ജനറൽ നരവണെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന തന്റെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ മോദി സർക്കാരിനെതിരെ ഉന്നയിച്ച വിമർശനങ്ങളോട് അദ്ദേഹം തുറന്നു പ്രതികരിച്ചു.
ചൈനയുമായുള്ള സംഘർഷം രൂക്ഷമായ സമയത്ത്, സാഹചര്യം ആവശ്യപ്പെട്ടാൽ ചൈനീസ് സൈനികർക്ക് നേരെ വെടിയുതിർക്കാൻ സർക്കാരിൽ നിന്ന് തനിക്ക് പൂർണ്ണ അധികാരവും പിന്തുണയും ലഭിച്ചിരുന്നുവെന്ന് നരവണെ വെളിപ്പെടുത്തി. “ഒരു സ്ഥാപനത്തിന്റെ സിഇഒ ആയാലും രാജ്യത്തിന്റെ നേതാവായാലും, തീരുമാനങ്ങൾ എടുക്കേണ്ട നിർണ്ണായക നിമിഷങ്ങളിൽ ആ വ്യക്തി ഒറ്റയ്ക്കായിരിക്കും. എന്നാൽ അതിന്റെ അർത്ഥം നിങ്ങൾ ഉപേക്ഷിക്കപ്പെട്ടു എന്നല്ല. രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ട്, സൈന്യം നിങ്ങൾക്കൊപ്പമുണ്ട്,” അദ്ദേഹം പറഞ്ഞു.
റെച്ചിൻ ലാ ചുരത്തിൽ ചൈനീസ് സൈനികരുമായുള്ള മുഖാമുഖം നടന്നപ്പോൾ സർക്കാരിനോട് നിർദ്ദേശങ്ങൾ തേടിയെന്നും അന്ന് ‘ഉചിതമെന്ന് തോന്നുന്നത് ചെയ്യുക’ എന്ന് പ്രധാനമന്ത്രി പ്രതിരോധ മന്ത്രി വഴി അറിയിച്ചതായും പുസ്തകത്തിലുണ്ടെന്ന് രാഹുൽ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ പുസ്തകത്തിൽ ഇത്ര വലിയ വിവാദമുണ്ടാക്കേണ്ട കാര്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ നരവണെ രചിച്ച ‘ദി ക്യൂരിയസ് ആൻഡ് ദി ക്ലാസിഫൈഡ്: അൺ എർത്തിംഗ് മിലിട്ടറി മിത്തസ് ആൻഡ് മിസ്റ്ററീസ്’ എന്ന പുതിയ പുസ്തകം ഉടൻ പുറത്തിറങ്ങും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ ഐതിഹ്യങ്ങളെയും നിഗൂഢതകളെയും കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് ഈ പുസ്തകത്തിലുള്ളതെന്ന് പബ്ലിഷർമാരായ രൂപ പബ്ലിക്കേഷൻസ് അറിയിച്ചു.

