നിപ; കേരള- തമിഴ്നാട് അതിർത്തി ജില്ലകളിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന

ചെന്നൈ: സംസ്ഥാനത്ത് നിപ്പ സ്ഥിരീകരണം വന്നതിനെ തുടർന്ന് വയനാടുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു. തമിഴ്നാട് ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് 11 ചെക്ക്പോസ്റ്റിൽ പരിശോധന നടക്കുന്നത്.
കേരളത്തിൽ നിന്ന് എത്തുന്ന യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിച്ചതിനുശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. ഇതിനായി ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പടെയുള്ള വലിയ സന്നാഹം ചെക്ക്പോസ്റ്റിലുണ്ട്. പനി ലക്ഷണം പ്രകടിപ്പിക്കുന്നവർ, കേരളത്തിൽനിന്ന് വരുന്നവരാണെങ്കിൽ തിരികെ അയക്കാൻ നിർദേശിക്കും. ഇവരുടെ ഫോൺനമ്പർ വാങ്ങിച്ച് തുടർ അന്വേഷണങ്ങളും നടത്തും.

ചെക്പോസ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാസ്ക് സാനിറ്റൈസർ മുതലായ പ്രതിരോധ മാർഗങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാട് ആരോഗ്യമന്ത്രി നീലഗിരി സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന കർശനമാക്കിയത്.