മുംബൈ: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് വാനിൽ വെച്ച് വ്യാജ മയക്കുമരുന്ന് കേസ് ചുമത്തുമെന്ന് ഭീഷണി മുഴക്കുന്ന വീഡിയോ പുറത്തുവന്നതോടെ വിവാദം പുകയുന്നു. സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ മുംബൈ പോലീസ് അന്വേഷണത്തിന് ഉത്തരവിടുകയും ബന്ധപ്പെട്ട പോലീസ് ഡ്രൈവറെ നിലവിലെ ചുമതലകളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.(Mumbai Police Threatens Protesting Students With False Drug Cases)
“ഇനിയും പ്രതിഷേധത്തിന് ഇറങ്ങിയാൽ നിങ്ങളുടെ പോക്കറ്റിൽ 50 ഗ്രാം പൊടി (ലഹരിമരുന്ന്) വെച്ച് കേസുണ്ടാക്കും. പിന്നെ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും, ജാമ്യം പോലും ലഭിക്കില്ല” എന്നായിരുന്നു പോലീസ് ഡ്രൈവറുടെ ഭീഷണി. സമരങ്ങൾ കാരണം പോലീസുകാർ ബുദ്ധിമുട്ടുകയാണെന്നും ഉദ്യോഗസ്ഥൻ വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും കോൺഗ്രസ്, കോക്റോച്ച് ജനതാ പാർട്ടി (CJP) തുടങ്ങിയ സംഘടനകൾ വിഷയത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് മുംബൈ പോലീസ് നടപടിയെടുത്തത്. സംഭവത്തിൽ വസ്തുതാന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് മുംബൈ ഡി.സി.പി അക്ബർ പഠാൻ അറിയിച്ചു.
ഡൽഹിയിൽ നടക്കുന്ന സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈയിലെ പ്രമുഖ സ്ഥലങ്ങളായ ശിവാജി പാർക്ക്, ചെമ്പൂർ, ആസാദ് മൈതാൻ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
Story Summary
A viral video showing a police driver threatening detained student protesters in Mumbai with false drug cases has sparked controversy. Following widespread backlash from opposition parties including Congress and the CJP, the Mumbai Police initiated an inquiry and suspended the officer from his current posting.


