ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് രാജ്യത്ത് ശക്തമായ വിദ്യാർഥി പ്രതിഷേധം തുടരുന്നതിനിടെ, സമരക്കാർക്ക് വീണ്ടും ചർച്ചയ്ക്കായി കേന്ദ്ര സർക്കാർ ഔദ്യോഗിക ക്ഷണം നൽകി. വിദ്യാർഥി സംഘടനയായ സി.ജെ.പിക്കും പ്രതിഷേധ പ്രതിനിധികൾക്കും ചർച്ചയ്ക്ക് ഏത് സമയത്തും തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. (Centre CJP Talks Offer)
കഴിഞ്ഞ ദിവസത്തെ ഉച്ചയ്ക്ക് ശേഷം ഇതുവരെ നാല് ഔദ്യോഗിക ചർച്ചാ നിർദേശങ്ങളാണ് സമര പ്രതിനിധികൾക്ക് അയച്ചതെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. “എല്ലാ വിഷയങ്ങളിലും നിങ്ങളുടെ സൗകര്യപ്രദമായ സമയത്തും സ്ഥലത്തും സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ്. യുവജനങ്ങളോട് വിനയപൂർവം അഭ്യർഥിക്കുന്നത് ചർച്ചയ്ക്ക് മുന്നോട്ടുവരണമെന്നാണ്,” അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയും താനുമാണ് ചർച്ചയിൽ പങ്കെടുക്കുകയെന്ന് ജിതേന്ദ്ര സിംഗ് അറിയിച്ചു. ജെ.പി. നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്താമെന്നും, സർക്കാർ അഭിമാന പ്രശ്നമൊന്നും ഉയർത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായ സംഭാഷണത്തിലൂടെ പ്രശ്നപരിഹാരത്തിലേക്ക് എത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ ചർച്ചാ നീക്കം. ചോദ്യപേപ്പർ ചോർച്ച കേസുകളിലെ പ്രതികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കേന്ദ്രത്തിന്റെ ക്ഷണം സമര നേതൃത്വം തള്ളിക്കളഞ്ഞു. സർക്കാർ ചർച്ച ആഗ്രഹിക്കുന്നുവെങ്കിൽ ജന്തർ മന്തറിലെ സമരവേദിയിലേക്കോ അല്ലെങ്കിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ നിഷ്പക്ഷ വേദിയിലേക്കോ എത്തണമെന്നാണ് സി.ജെ.പി നിലപാട് സ്വീകരിച്ചത്.
“സർക്കാർ ഞങ്ങളുമായി സംസാരിക്കണമെങ്കിൽ ഇവിടേക്ക് വരണം. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടായിരിക്കണം ചർച്ച,” എന്ന് സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ പ്രതികരിച്ചു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ.പി വക്താവ് അശുതോഷ് റങ്കയും സമാന നിലപാടാണ് ആവർത്തിച്ചത്. ചർച്ചയ്ക്ക് തയ്യാറാണെങ്കിലും അത് സർക്കാർ നിർദേശിക്കുന്ന വേദിയിൽ മാത്രമാകില്ലെന്നും, ജന്തർ മന്തറിലോ നിഷ്പക്ഷ സ്ഥലത്തോ മാത്രമേ ചർച്ച നടത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ് സമരത്തിന്റെ പ്രധാന ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ചർച്ചയ്ക്ക് ക്ഷണിക്കുമ്പോൾ തന്നെ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടികൾ തുടരുന്നതെന്തിനാണെന്ന് കഴിഞ്ഞ ദിവസം അഭിജിത് ദീപ്കെ ചോദ്യം ചെയ്തിരുന്നു. സംഭാഷണവും പൊലീസ് നടപടിയും ഒരേസമയം മുന്നോട്ടുകൊണ്ടുപോകുന്നത് സർക്കാരിന്റെ യഥാർഥ ഉദ്ദേശ്യത്തെക്കുറിച്ച് സംശയം ഉയർത്തുന്നതായും അദ്ദേഹം ആരോപിച്ചു.
Summary: The Centre has once again invited CJP and student protesters for talks over the NEET controversy, saying discussions can be held “at any time” convenient to them. However, protest leaders insist the government must come to the protest site or agree to a neutral venue while maintaining their demand for Education Minister Dharmendra Pradhan’s resignation.


