പണത്തിന് തന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കാനായിട്ടില്ല: കൂടുതൽ പണമുണ്ടായാൽ കൂടുതൽ പേരെ സഹായിക്കാമെന്ന് സുധ മൂർത്തി
Sat, 6 May 2023

ഷാർജ: പണത്തിന് തന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കാനായിട്ടില്ലെന്ന് പ്രശസ്ത എഴുത്തുകാരിയും ഇൻഫോസിസ് മുൻ ചെയർമാൻ എൻ ആർ നാരായണമൂർത്തിയുടെ പത്‌നിയുമായ സുധ മൂർത്തി. ഒരു പരിധിക്കപ്പുറം നിങ്ങൾക്ക് ഒന്നും നൽകാൻ പണത്തിനാകില്ല. കൂടുതൽ പണം എന്നാൽ തന്നെ സംബന്ധിച്ച് കൂടുതൽ പേരെ സഹായിക്കുകയെന്നതാണ് അർത്ഥമെന്നും സുധ മൂർത്തി ചൂണ്ടിക്കാട്ടി. മകളുടെ ഭർത്താവ് ബ്രീട്ടീഷ് പ്രധാനമന്ത്രിയായത് തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും സുധ മൂർത്തി പറഞ്ഞു. ഷാർജയിൽ കുട്ടികളുടെ വായനോത്സവത്തിൽ സംസാരിക്കുകയായിരുന്നു സുധ മൂർത്തി.
റിഷി സുനക് ബ്രിട്ടീഷ് പൗരനാണ്. അവിടുത്തെ പ്രധാനമന്ത്രിയാണ്. അത് തന്നെ ഒരുതരത്തിലും ബാധിക്കില്ല. റിഷി പ്രധാനമന്ത്രിയായതോടെ താൻ കൂടുതൽ കരുത്തയായെന്നാണ് പലരും കരുതുന്നത്. അത് അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെന്ന് സുധ മൂർത്തി പറഞ്ഞു.
മകനെ പോലെയാണ് റിഷി തനിക്ക്. പ്രധാനമന്ത്രി പദം എന്നത് ആജീവനാന്ത പദവിയല്ല. നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കുമറിയില്ല. തന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അല്ല, മറിച്ച് തന്റെ മരുമകൻ റിഷി സുനക് ആണെന്നും സുധ മൂർത്തി കൂട്ടിച്ചേർത്തു.