അഹമ്മദാബാദ്: ഗുജറാത്തിലെ ദാഹോദിലും ഉത്തരാഖണ്ഡിലെ തെഹ്‌രിയിലും നടന്ന വിവാഹ ചടങ്ങുകൾക്കിടെയുണ്ടായ കൂട്ട ഭക്ഷ്യവിഷബാധയിൽ നാനൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഭക്ഷണപദാർത്ഥങ്ങൾ കേടായതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.(Mass food poisoning at wedding party, Over 400 hospitalized in Gujarat and Uttarakhand)
ദാഹോദ് ജില്ലയിലെ അഭ്‌ലോഡ് ഗ്രാമത്തിലാണ് ഏറ്റവും വലിയ അപകടം റിപ്പോർട്ട് ചെയ്തത്. വിവാഹ വിരുന്നിൽ പങ്കെടുത്ത അതിഥികൾക്ക് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ ഛർദ്ദി, വയറുവേദന, തലകറക്കം എന്നിവ അനുഭവപ്പെട്ടു. ഇത്രയധികം ആളുകൾക്ക് ഒരേസമയം അസ്വസ്ഥത ഉണ്ടായതോടെ ഗ്രാമത്തിൽ വലിയ പരിഭ്രാന്തി പടർന്നു. ബാധിക്കപ്പെട്ടവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി ക്യാമ്പ് ചെയ്താണ് ചികിത്സാ നടപടികൾ ഏകോപിപ്പിക്കുന്നത്.
സമാനമായ സംഭവം ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലുള്ള ബാദ്ഷാഹിതൗൾ മേഖലയിലും റിപ്പോർട്ട് ചെയ്തു. ഇവിടെ നടന്ന വിവാഹവിരുന്നിൽ പങ്കെടുത്ത മുപ്പതോളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചികിത്സ തേടിയവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. നിലവിൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. അമിത് റായ് അറിയിച്ചു. രണ്ടിടത്തും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ എത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇവ വിശദമായ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.

