കൊൽക്കത്ത: ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ആഹ്വാനം ചെയ്തു. ആവശ്യമായി വന്നാൽ ഡൽഹിയിലെത്തി സിജെപി നടത്തുന്ന പ്രക്ഷോഭങ്ങളിൽ പങ്കാളിയാകുമെന്നും അവർ വ്യക്തമാക്കി. കൊൽക്കത്തയിൽ സംഘടിപ്പിച്ച ടിഎംസിയുടെ രക്തസാക്ഷി ദിന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മമത.(Mamata Banerjee Calls For Opposition Unity And Promises To Join Delhi Protest Against BJP)
ഇന്ത്യ സഖ്യത്തിന്റെ കീഴിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കേണ്ട സമയം അടുത്തു കഴിഞ്ഞതായി അവർ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രസ്ഥാനമാണിതെന്നും ബിജെപിയുടെ ഭരണം ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും ഭരണകൂടങ്ങളെ പോലും മറികടക്കുന്ന രീതിയിലുള്ള ഏകാധിപത്യത്തിലേക്ക് മാറിയെന്നും മമത ആരോപിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേരെ നടന്ന പോലീസ് നടപടിയെയും മമത രൂക്ഷമായി വിമർശിച്ചു. സ്വന്തം രാജ്യത്തെ വിദ്യാർത്ഥികളെ ഭയക്കുന്ന ഭരണകൂടം ലാത്തിയും കണ്ണീർവാതകവുമാണ് ഉത്തരമായി നൽകുന്നത്. വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമുണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഹനം തിരിച്ചുവിട്ടു പോവുകയാണുണ്ടായതെന്നും അവർ ആരോപിച്ചു.
തങ്ങളുടെ റാലി തടയാൻ ബിജെപി ശ്രമിച്ചുവെന്നും എന്നാൽ ആ നീക്കങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും മമത പറഞ്ഞു. ഉടൻ തന്നെ പശ്ചിമ ബംഗാളിലെ വിവിധ ജില്ലകൾ സന്ദർശിക്കുമെന്നും പ്രതിബന്ധങ്ങളെ മറികടന്ന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും അവർ വ്യക്തമാക്കി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ടിഎംസി നേതാക്കളെ വേട്ടയാടുകയാണെന്നും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പതിനായിരക്കണക്കിന് വ്യാജ കേസുകളാണ് ചുമത്തിയിരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. കൂടാതെ കോവിഡ് പ്രതിരോധത്തിലെ ക്രമക്കേടുകൾ, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് മമത ഉന്നയിച്ചത്.
Story Summary
Trinamool Congress chief Mamata Banerjee called for Opposition unity under the INDIA Alliance against the BJP during TMC’s Martyrs’ Day rally in Kolkata. Expressing solid support for the CJP, Banerjee stated that she would visit Delhi and join their protest if required. She also strongly condemned the police action against protesting youth and students in the national capital.


