ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനുള്ള പൊതുപരീക്ഷാ തട്ടിപ്പ് ഭേദഗതി ബിൽ, 2026 ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങൾക്കും ബഹളത്തിനുമിടെയാണ് ബിൽ സഭ പാസാക്കിയത്. ബിൽ പാസാക്കിയതിന് തൊട്ടുപിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. രാജ്യസഭയും നടപടികൾ പൂർത്തിയാക്കി പിരിഞ്ഞു.(Lok Sabha Passes Public Examinations Amendment Bill 2026 House Adjourned For The Day)
വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, ആർ.എസ്.എസ് ഇടപെടൽ, വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ പോലീസ് നടപടികൾ തുടങ്ങിയ വിഷയങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കാണ് ബുധനാഴ്ച സഭ സാക്ഷ്യം വഹിച്ചത്. പരീക്ഷാ തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനുള്ള ഭേദഗതി ബില്ലിലെ കടുപ്പിച്ച ശിക്ഷാ വ്യവസ്ഥകൾ ലോക്‌സഭയിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വിശദീകരിച്ചു. വിവിധ മേഖലകളിലുള്ളവരുടെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് 2024-ലെ മുൻ നിയമത്തിൽ നിർണായക മാറ്റങ്ങൾ വരുത്തി പുതിയ ബിൽ തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പരീക്ഷാ നടത്തിപ്പുകാർ, സർവീസ് പ്രൊവൈഡർമാർ, സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന മാഫിയകൾ എന്നിവർക്ക് അഞ്ചു കോടി മുതൽ 10 കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവുശിക്ഷയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ. സർവീസ് പ്രൊവൈഡർമാർക്കുള്ള പിഴ തുക മുൻ നിയമത്തിലെ ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തി. മാനേജ്‌മെന്റ്, ഡയറക്ടർമാർ എന്നിവർക്കുള്ള പിഴയും തടവുശിക്ഷയ്ക്കൊപ്പം അഞ്ച് കോടി രൂപയായി വർദ്ധിപ്പിച്ചു.
പൊതുവായ തട്ടിപ്പുകൾക്ക് മുൻപുണ്ടായിരുന്ന 3 മുതൽ 5 വർഷം വരെയുള്ള തടവ് 5 മുതൽ 10 വർഷം വരെയാക്കി ഉയർത്തി. ഇതിനുള്ള പിഴ 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. തടവുശിക്ഷ 5 മുതൽ 10 വർഷം വരെയായും പിഴത്തുക ഒരു കോടിയിൽ നിന്ന് അഞ്ച് കോടി രൂപയായും കടുപ്പിച്ചു. സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞ തടവുശിക്ഷ 5 വർഷത്തിൽ നിന്ന് 7 വർഷമാക്കി ഉയർത്തി. പിഴത്തുക ഒരു കോടി രൂപയിൽ നിന്ന് 10 കോടി രൂപയായി കുത്തനെ വർദ്ധിപ്പിക്കുകയും ചെയ്തു.
Story Summary
The Lok Sabha passed the Public Examinations (Prevention of Unfair Means) Amendment Bill, 2026, amid intense protests and uproar from the Opposition. Following the passage of the bill, the House was adjourned for the day on July 29, 2026.


