മണിപ്പൂർ കലാപത്തിൽ തകർത്തത് 121 ക്രിസ്ത്യൻ പള്ളികളെന്ന് റിപ്പോർട്ട്

ഇംഫാൽ: മണിപ്പൂർ വംശീയ കലാപത്തിൽ 121 ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്. കലാപം അതി രൂക്ഷമായി ബാധിച്ച ചുരാചന്ദ്പൂർ ജില്ലയിലെ ക്രിസ്ത്യൻ ഗുഡ് വിൽ ചർച്ചാണ് ഈ പട്ടിക പുറത്തുവിട്ടത്. തകർക്കപ്പെടുകയോ തീവെക്കുകയോ ചെയ്ത പള്ളികളുടെ പട്ടികയാണ് പുറത്തുവിട്ടത്.
മേയ് മൂന്നിന് ആരംഭിച്ച് നാല് നാൾ നീണ്ട വംശീയ കലാപത്തിൽ 70 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്ക്. 250ഓളം പേർക്ക് പരിക്ക് പറ്റി. ഔദ്യോഗിക കണക്ക് പ്രകാരം 30,000ഓളം ജനങ്ങൾ പലായനം ചെയ്തു.
മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ചിന് കീഴിൽ 39 പള്ളികളാണ് തകർക്കപ്പെട്ടത്. ഇവാഞ്ചലിക്കൽ ചർച്ചസ് അസോസിയേഷന്‍റെയും മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ച് സിനഡിന്‍റെയും 14 വീതം പള്ളികൾ തകർത്തു. തുയ്തഫായി പ്രെസ്‌ബിറ്റേറിയൻ ചർച്ച് മണിപ്പൂർ സിനഡിന് കീഴിലെ 13 പള്ളികൾ മേയ് നാലിന് തകർക്കപ്പെട്ടു. അതേദിവസം ഇവാഞ്ചലിക്കൽ ഫ്രീ ചർച്ച് ഓഫ് ഇന്ത്യയ്ക്ക് കീഴിലെ ഒമ്പത് പള്ളികൾ തകർക്കുകയും ഇൻഡിപെൻഡന്റ് ചർച്ച് ഓഫ് ഇന്ത്യയുടെ എട്ട് പള്ളികൾ കത്തിക്കുകയും ചെയ്തു.