ന്യൂഡൽഹി: ഐ എം എഫ് പുറത്തുവിട്ട ഏറ്റവും പുതിയ ആഗോള ജിഡിപി കണക്കുകൾ പ്രകാരം ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. ഒരു വർഷം മുൻപ് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന നേട്ടത്തിലേക്ക് ഇന്ത്യ ഹ്രസ്വകാലത്തേക്ക് എത്തിയിരുന്നുവെങ്കിലും നിലവിൽ റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയിരിക്കുകയാണ്.(India Slips To Sixth Spot In World Economy, know What Led To Drop In Rankings)
നിലവിലെ ആഗോള റാങ്കിംഗിൽ 30.8 ട്രില്യൺ ഡോളർ ജിഡിപിയുമായി അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്നു. ചൈന (19.6 ട്രില്യൺ ഡോളർ), ജർമ്മനി (4.7 ട്രില്യൺ ഡോളർ), ജപ്പാൻ (4.4 ട്രില്യൺ ഡോളർ) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള രാജ്യങ്ങൾ. 4.0 മുതൽ 4.3 ട്രില്യൺ ഡോളർ വരെ ജിഡിപി കണക്കാക്കുന്ന യുണൈറ്റഡ് കിംഗ്ഡം അഞ്ചാം സ്ഥാനത്താണ്. 3.9 മുതൽ 4.2 ട്രില്യൺ ഡോളർ വരെ ജിഡിപിയുള്ള ഇന്ത്യയാണ് ആറാം സ്ഥാനത്ത്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പിന്നോട്ട് പോയതുകൊണ്ടല്ല ഈ മാറ്റം സംഭവിച്ചത്. രൂപയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഇന്ത്യ ഇപ്പോഴും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ തന്നെയാണ്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് റാങ്കിംഗിലെ മാറ്റത്തിന് പിന്നിൽ. ജിഡിപി കണക്കാക്കുന്നത് യുഎസ് ഡോളറിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ, ആഗോള വിപണിയിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം കടലാസിൽ കുറവായി കാണപ്പെടും.
ജിഡിപി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വർഷം പുതുക്കിയതിലൂടെ ഉണ്ടായ സാങ്കേതിക മാറ്റങ്ങളും നാമമാത്ര ജിഡിപി കുറയാൻ കാരണമായി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവും വിദേശ നിക്ഷേപത്തിലെ മാറ്റങ്ങളും രൂപയെ സ്വാധീനിച്ചു. റാങ്കിംഗിലെ ഈ മാറ്റം താൽക്കാലികമാണെന്നും ഇന്ത്യയുടെ അടിസ്ഥാന സാമ്പത്തിക ഭദ്രത ശക്തമാണെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

