രക്തം ഛർദ്ദിച്ച് ആശുപത്രിയിൽ എത്തി : ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് 56 ബ്ലേഡ് കഷ്‌ണങ്ങള്‍

രക്തം ഛർദ്ദിച്ച് ആശുപത്രിയിൽ എത്തി : ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് 56 ബ്ലേഡ് കഷ്‌ണങ്ങള്‍
ജയ്പൂർ : രക്തം ഛർദ്ദിച്ച് ആശുപത്രിയിൽ എത്തിയ 25 കാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 56 ബ്ലേഡ് കഷ്‌ണങ്ങള്‍ .രാജസ്ഥാനിലെ ജലോർ ജില്ലയിലെ സഞ്ചോർ മേഖല സ്വദേശിയായ യശ്‌പാല്‍ സിങ് എന്ന യുവാവാണ് രക്തം ഛർദ്ദിക്കുകയും വയറുവേദന അനുഭവപ്പെടുകയും ചെയ്തതോടെ ചികിത്സ തേടിയെത്തിയത്.

സാഞ്ചോറിലെ മെഡിപൾസ് ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചത് . യുവാവിന്റെ വയറിന് വീക്കമുണ്ടെന്ന് കണ്ടതിനെ തുടർന്ന്  ഡോക്ടർമാർ എക്സ്-റേ എടുക്കുകയും വയറ്റില്‍ ബ്ലേഡുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. കൂടുതൽ സ്ഥിരീകരണത്തിനായി ഡോക്ടർമാർ എൻഡോസ്കോപ്പിയും നടത്തി. പിന്നാലെ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്ക് ശേഷം 56 ബ്ലേഡുകളാണ് വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത്. കവർ സഹിതം ബ്ലേഡ് മുറിച്ച് കഴിച്ചതിനാലാണ് വേദന അനുഭവപ്പെടുകയോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവേൽക്കുകയോ ചെയ്യാത്തതെന്ന് ഡോക്ടർമാർ പറയുന്നു.  ആശുപത്രിയില്‍ കൊണ്ടുവന്ന സമയത്ത് യുവാവിന്‍റെ ഓക്‌സിജന്‍ ലെവല്‍ 80 ആയിരുന്നെന്ന് ഡോ. നാര്‍സി റാം ദേവസി പറഞ്ഞു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

Share this story