

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് മുകളിലേക്കാണ് മതിൽ തകർന്നു വീണത്. അപകടത്തിൽ മറ്റൊരു വിദ്യാർത്ഥിക്ക് പരിക്കേറ്റു.
തിരുവള്ളൂരിലെ സ്കൂളിൽ ഉച്ചസമയത്ത് നാല് വിദ്യാർത്ഥികൾ ചേർന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പഴയ മതിൽ പെട്ടെന്ന് ഇടിഞ്ഞുവീണത്. മതിലിനടിയിൽപ്പെട്ട രണ്ട് കുട്ടികളെ ഉടൻ പുറത്തെടുത്തെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാർത്ഥികൾ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തെത്തുടർന്ന് സ്കൂൾ കെട്ടിടങ്ങളുടെയും മതിലുകളുടെയും ബലം പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് തിരുവള്ളൂർ ജില്ലാ കളക്ടർ പ്രതാപ് നിർദ്ദേശം നൽകി.
വിദ്യാർത്ഥിയുടെ മരണത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഴമായ അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റ വിദ്യാർത്ഥിക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.