വികസന കുതിപ്പിലേക്ക് ഗുജറാത്ത്; കോടികളുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് അമിത് ഷാ
Sun, 21 May 2023

ഗുജറാത്തിലെ ഗാന്ധിനഗറിൽ കോടികളുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. റിപ്പോർട്ടുകൾ പ്രകാരം, 400 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് അമിത് ഷാ നിർവഹിച്ചത്. രാജ്യത്തിന്റെ വികസനത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ആമുഖമാണിതെന്ന് ഉദ്ഘാടന വേളയിൽ അമിത് ഷാ വ്യക്തമാക്കി. ഗാന്ധിനഗറിലെ സിവിൽ ആശുപത്രി ഓഡിറ്റോറിയം ഹാളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ഗാന്ധിനഗറിലെ ജില്ലാ ഷോപ്പിംഗ് സെന്ററിൽ നിർമ്മിച്ച പാർക്കിംഗിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. 11 കോടി രൂപ ചെലവിലാണ് പാർക്കിംഗ് കോംപ്ലക്സ് നിർമ്മിച്ചത്. റെയിൽവേ ഗേറ്റ് രഹിത ഗുജറാത്ത് പദ്ധതിയുടെ ഭാഗമായി 58.17 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ തറക്കല്ലിടലും അമിത് ഷാ നിർവഹിച്ചു. കൂടാതെ, 6.45 കോടി രൂപ ചെലവിൽ 865 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സോളാർ, 645 കിലോവാട്ട് സോളാർ റൂഫ്ടോപ്പ്, 220 കിലോവാട്ട് സോളാർ ട്രീ എന്നിവയും ഉദ്ഘാടനം ചെയ്തു.