തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്; യുപിയിൽ അധ്യാപിക പിടിയിൽ
Wed, 10 May 2023

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ അധ്യാപിക പിടിയിൽ. യുപി പുരാൻപൂരിലെ പ്രൈമറി സ്കൂൾ അധ്യാപികയാണ് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കി നഗരസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. ഋതു ടോമാർ എന്ന അധ്യാപികയാണ് പിടിയിലായത്. പുരാൻപൂരിലെ പഛ്പേട വില്ലേജ് പ്രൈമറി സ്കൂളിലെ അധ്യാപികയാണ് ഇവർ. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മെയ് 11ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ഒരു ബൂത്തിൽ പോളിംഗ് ഓഫീസറായി ഇവരെ നിയമിച്ചിരുന്നു. തുടർന്ന് താൻ കൊവിഡ് പോസിറ്റീവാണെന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഇവർ ഡ്യൂട്ടിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെടുകയായിരുന്നു. പൊലീസ് പരിശോധനയിൽ മറ്റൊരാളുടെ സർട്ടിഫിക്കറ്റ് തിരുത്തിയതാണെന്ന് കണ്ടെത്തുകയും അധ്യാപികയെ പിടികൂടുകയുമായിരുന്നു.