Times Kerala

കൊടും ചൂട് തിരിച്ചടിയായി,  ചരക്കുനീക്കത്തിൽ വൻ ഇടിവ് 

 
ദ്
 കൊച്ചി: കടുത്ത വേനൽ ചൂട് കാരണം മെയ് മാസത്തിൽ ട്രക്ക് ഡ്രൈവർമാരും ലോഡർമാരും പകൽ ജോലികളിൽ നിന്ന് വിട്ടുനിന്നതോടെ ഇന്ത്യയിലുടനീളം ചരക്കുഗതാഗത വാഹനങ്ങളുടെ മൊത്തം ശേഷിയിൽ 60 ശതമാനത്തോളം ഒഴിഞ്ഞുകിടന്നു. കൊടും ചൂടിന് പുറമെ ഏതാനും പൊതു നിർമാണ പ്രവർത്തനങ്ങളും ചരക്കുഗതാഗതം മന്ദഗതിയിലാക്കിയതോടെ പ്രധാന ചരക്കു പാതകളിലെ  ട്രക്ക് വാടകയിലും വലിയ ഇടിവുണ്ടായതായി ശ്രീറാം മൊബിലിറ്റി ബുള്ളറ്റിൻ റിപോർട്ട് പറയുന്നു. ഡല്‍ഹി-കൊല്‍ക്കത്ത-ഡല്‍ഹി, ഡല്‍ഹി-ചെന്നൈ-ഡല്‍ഹി, മുംബൈ-കൊല്‍ക്കത്ത-മുംബൈ എന്നീ റൂട്ടുകളിലാണ് വാടക നിരക്കില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയതെന്ന് ലോജിസ്റ്റിക്സ്, ഓട്ടോമൊബൈൽ രംഗത്തെ പുതിയ പ്രവണതകൾ വ്യക്തമാക്കുന്ന ഈ റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. പൊതു പശ്ചാത്തലസൗകര്യ വികസന പദ്ധതി പ്രവര്‍ത്തനങ്ങളും കുറഞ്ഞിരുന്നെങ്കിലും വേനൽകാല അവശ്യവസ്തുക്കളുടെ ഡിമാൻഡ് ഉയർന്നതിനാലാണ് ട്രക്കുകൾ പ്രധാനമായും ഓടിയതെന്ന് ശ്രീറാം ഫിനാൻസ് എംഡിയും സിഇഒയുമായ വൈ.എസ് ചക്രവർത്തി പറഞ്ഞു.
 
ഇന്ത്യയിൽ ഇത്തവണ മികച്ച മൺസൂൺ ലഭിക്കുന്ന പ്രതീക്ഷയിൽ ട്രാക്ടർ വിൽപ്പനയിൽ മെയ് മാസത്തിൽ വലിയ കുതിപ്പുണ്ടായും ശ്രീറാം മൊബിലിറ്റി ബുള്ളറ്റിൻ വ്യക്തമാക്കുന്നു. കാര്‍ഷികാവശ്യങ്ങൾക്കുള്ള ട്രാക്ടറുകളുടെ വില്‍പ്പനയില്‍ 24 ശതമാനം വർധനയാണ് മെയിൽ രേഖപ്പെടുത്തിയത്. വാണിജ്യാവശ്യങ്ങൾക്കുള്ള ട്രാക്ടറുകളുടെ വിൽപ്പനയിൽ 20 ശതമാനവും വളർച്ചയുണ്ടായി.
 
മെയ് മാസം അവധി സീസണും, തിരഞ്ഞെടുപ്പ് പ്രചാരണ കാലവുമായിരുന്നതിനാൽ ഇന്ധന വില്‍പ്പനയിലും ഫാസ്റ്റാഗ് വരുമാനത്തിലും വലിയ വർധനയുണ്ടായി. ടോള്‍ വരുമാനത്തില്‍ ആറ് ശതമാനമാണ് പ്രതിമാസ വര്‍ധന. ഇന്ധന ഉപഭോഗത്തിൽ അഞ്ച് ശതമാനം വർധനയും രേഖപ്പെടുത്തി. 3.45 ദശലക്ഷം ടൺ ഇന്ധനമാണ് മെയിൽ കത്തിത്തീർന്നത്. ഡീസലിന്റെ പ്രതിമാസ ഉപഭോഗം ആറ് ശതമാനം വർധിച്ച് 8.39 ദശലക്ഷം ടണ്ണിലെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.  എ.സി, റെഫ്രിജറേറ്റർ, വേനൽക്കാല പഴങ്ങൾ എന്നിവയായിരുന്നു മെയ് മാസം ഇന്ത്യയിലുടനീളം ഓടിയ ട്രക്കുകളിലെ പ്രധാന ചരക്കുകൾ. പ്രധാന തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കങ്ങളിലും ആറ് ശതമാനം വളർച്ചയുണ്ടായി.

Related Topics

Share this story