

ധർമ്മശാല/ലുധിയാന: ധർമ്മശാല ഗവൺമെന്റ് ഡിഗ്രി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കോളേജ് പ്രൊഫസർക്കും മൂന്ന് സീനിയർ വിദ്യാർത്ഥിനികൾക്കുമെതിരെ പോലീസ് കേസെടുത്തു. പ്രൊഫസർ അശോക് കുമാർ, വിദ്യാർത്ഥിനികളായ ഹർഷിത, അകൃതി, കൊമോളിത എന്നിവർക്കെതിരെയാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
മരിക്കുന്നതിന് മുൻപ് താൻ അനുഭവിച്ച ക്രൂരതകൾ വിവരിക്കുന്ന വീഡിയോ പെൺകുട്ടി മൊബൈലിൽ റെക്കോർഡ് ചെയ്തിരുന്നു.
പ്രൊഫസർ അശോക് കുമാർ തന്നെ മോശമായ രീതിയിൽ സ്പർശിക്കുകയും നിരന്തരം ലൈംഗികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തു. ഇത് എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. സഹപാഠികളായ മൂന്ന് പേർ ചേർന്ന് തന്നെ ക്രൂരമായി മർദ്ദിക്കുകയും റാഗ് ചെയ്യുകയും ചെയ്തു. ഇക്കാര്യം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി വെളിപ്പെടുത്തി.
2025 സെപ്റ്റംബർ 18-നാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ശാരീരികമായും മാനസികമായും തകർന്ന പെൺകുട്ടി വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഒടുവിൽ വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഡിസംബർ 26-ന് മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ പോലീസിലും മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിലും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു. എന്നാൽ ആദ്യം ലഭിച്ച പരാതിയിൽ റാഗിങ്ങിനെക്കുറിച്ച് മാത്രമേ പരാമർശിച്ചിരുന്നുള്ളൂവെന്നും, ലൈംഗികാരോപണം ഉയർന്ന പശ്ചാത്തലത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി.