

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ദമ്പതികളെ ഷെഡിനുള്ളിൽ അതിക്രൂരമായി ചുട്ടുകൊന്നു. സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. കൃഷിക്കായി പാട്ടത്തിനെടുത്ത ഭൂമിക്ക് സമീപമുള്ള താൽക്കാലിക ഷെഡിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊലപാതകം.
വെള്ളിയാഴ്ച പുലർച്ചെ സെങ്കം പക്കിരിപാളയത്താണ് സംഭവം നടന്നത്. ദമ്പതികൾ താമസിച്ചിരുന്ന ഷെഡ് കത്തുന്നത് കണ്ട് നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തീ അണച്ച് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും കരിക്കലായ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷെഡ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു എന്ന് പോലീസ് അറിയിച്ചു. ആസൂത്രിതമായ കൊലപാതകമാണിതെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരുടെ വ്യക്തിജീവിതത്തിലെ തർക്കങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യഭാര്യയും മക്കളും ബംഗളൂരുവിലാണ് താമസം.
അമൃതം നേരത്തെ വിവാഹിതയായിരുന്നെങ്കിലും ആദ്യഭർത്താവുമായി പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരും ഒന്നിച്ചുതാമസിക്കാൻ തുടങ്ങിയത്.
തിരുവള്ളൂർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. ബന്ധുക്കളെയും സമീപവാസികളെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.