

മുംബൈ: പുതുവത്സര ആഘോഷത്തിനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി 44-കാരനായ കാമുകന്റെ സ്വകാര്യഭാഗം യുവതി മുറിച്ചെടുത്തു. മുംബൈയിലെ സാന്താക്രൂസ് ഈസ്റ്റിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വിവാഹത്തെച്ചൊല്ലിയുള്ള തർക്കമാണ് അതിക്രൂരമായ ആക്രമണത്തിൽ കലാശിച്ചത്.
ബിഹാർ സ്വദേശിനിയായ 25-കാരിയും പരിക്കേറ്റ 44-കാരനും കഴിഞ്ഞ ഏഴു വർഷമായി പ്രണയത്തിലായിരുന്നു. ഇയാൾ വിവാഹിതനും കുട്ടികളുള്ളയാളുമാണ്. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ ഇതിന് തയ്യാറാകാതിരുന്നതിനെത്തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. അടുത്തിടെ ഇയാൾ യുവതിയുമായി അകലം പാലിച്ചിരുന്നു.
പുതുവത്സര മധുരം നൽകാമെന്ന് പറഞ്ഞ് വ്യാഴാഴ്ച പുലർച്ചെ ഇയാളെ യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് നടന്ന തർക്കത്തിനൊടുവിൽ മൂർച്ചയുള്ള ആയുധമുപയോഗിച്ച് ഇയാളുടെ സ്വകാര്യഭാഗം മുറിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം വി.എൻ. ദേശായി ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സിയോൺ ആശുപത്രിയിലേക്കും മാറ്റി. ആക്രമണത്തിന് ശേഷം 25-കാരിയായ യുവതി ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായി മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.