

മുംബൈ: വനിതാ പ്രീമിയർ ലീഗിന്റെ നാലാം സീസണിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, തങ്ങളുടെ പുതിയ പടയങ്കി പുറത്തിറക്കി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് (Mumbai Indians WPL 2026 Jersey). മുംബൈ നഗരത്തിന്റെ സ്പന്ദനങ്ങളെയും ചലനാത്മകതയെയും ആസ്പദമാക്കി "വിക്കറ്റ് പൾസ്" എന്ന പ്രമേയത്തിലാണ് പുതിയ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരത്തിലെ ലോക്കൽ ട്രെയിനുകൾ, അറബിക്കടലിലെ തിരമാലകൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നീല നിറമാണ് ജേഴ്സിയുടെ മുൻഭാഗത്തും പിൻഭാഗത്തും നൽകിയിരിക്കുന്നത്.
ടീമിന്റെ ഐതിഹാസികമായ നീലയും സ്വർണ്ണവും നിറങ്ങൾക്കൊപ്പം ഇത്തവണ പവിഴ നിറത്തിലുള്ള അലങ്കാരങ്ങൾ കൂടി ഉൾപ്പെടുത്തിയത് ജേഴ്സിക്ക് പുതിയ ഭംഗി നൽകുന്നു. മുംബൈ നഗരത്തിന്റെ കരുത്തും നിശ്ചയദാർഢ്യവുമാണ് ഇതിലൂടെ പ്രകടമാക്കുന്നതെന്ന് ടീം മാനേജ്‌മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനുവരി 9-ന് നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഹർമൻപ്രീത് കൗറും സംഘവും ഈ പുതിയ ജേഴ്സിയിലാകും മൈതാനത്തിറങ്ങുക.
പരിശീലന രംഗത്തും പുതിയ മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യൻസ് എത്തുന്നത്. ഓസ്‌ട്രേലിയൻ മുൻ ലെഗ് സ്പിന്നർ ക്രിസ്റ്റൻ ബീംസിനെ ടീമിന്റെ പുതിയ സ്പിൻ ബോളിംഗ് കോച്ചായി നിയമിച്ചു. ഇതിഹാസ താരം ജുലൻ ഗോസ്വാമിക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ക്രിസ്റ്റൻ പറഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇത്തവണയും കരുത്തുറ്റ നിരയുമായാണ് വരുന്നത്. മലയാളി താരം സജന സജീവൻ ടീമിൽ തുടരുന്നത് കേരളത്തിലെ ആരാധകർക്കും വലിയ ആവേശം നൽകുന്നുണ്ട്. 75 ലക്ഷം രൂപയ്ക്കാണ് മെഗാ ലേലത്തിലൂടെ സജനയെ മുംബൈ ടീമിൽ തിരിച്ചെത്തിച്ചത്.
Defending champions Mumbai Indians have launched their new jersey for the 2026 Women's Premier League, inspired by the "Wicket Pulse" of Mumbai city. The jersey features iconic blue and gold colors with coral accents, symbolizing the resilience and energy of the city's local trains and coastline. The franchise also bolstered its coaching staff by appointing former Australian spinner Kristen Beams as the spin bowling coach. Led by Harmanpreet Kaur and featuring Kerala star Sajeevan Sajana, Mumbai Indians will kick off the season against RCB on January 9 in Navi Mumbai.