

കൊളംബോ: രാജ്യാന്തര സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ടുകളും നാവികസേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ശ്രീലങ്കയിലെ കാങ്കേശന്തുറൈ മേഖലയിലാണ് സംഭവം നടന്നതെന്ന് നാവികസേന വക്താവ് കമാൻഡർ ബുദ്ധിക സമ്പത്ത് അറിയിച്ചു.
കാങ്കേശന്തുറൈ തീരത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തുകയായിരുന്നുവെന്നാണ് ശ്രീലങ്കൻ നാവികസേനയുടെ ആരോപണം.
കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ തുടർ നടപടികൾക്കായി മൈലാഡി ഫിഷറീസ് ഇൻസ്പെക്ടറേറ്റിലേക്ക് കൈമാറി.തമിഴ്‌നാടിനെയും ശ്രീലങ്കയെയും വേർതിരിക്കുന്ന പാക്ക് കടലിടുക്കിലാണ് ഇത്തരം സംഭവങ്ങൾ പതിവായി നടക്കാറുള്ളത്. ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രധാന നയതന്ത്ര തർക്കവിഷയമാണിത്.
തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായതെന്നാണ് പ്രാഥമിക വിവരം. ഇവരെ വിട്ടയക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തയക്കാറുണ്ട്. കഴിഞ്ഞ വർഷങ്ങളിലും നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ സമാന രീതിയിൽ ശ്രീലങ്കൻ സേന തടവിലാക്കിയിരുന്നു.