ലഖ്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ പ്രസവിച്ച ഉടൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ നവജാതശിശുവിന് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ജീവൻ തിരിച്ചുനൽകിയ വനിതാ ഡോക്ടർക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം. സഹാറൻപൂരിലെ നനൗട്ടയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസറായ ഡോ. റൂമയാണ് സ്വന്തം സമയോചിതമായ ഇടപെടലിലൂടെ ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പിയത്.(Doctor Revives Newborn Baby, Uttar Pradesh Doctor Revives Newborn Baby By Giving Mouth To Mouth Resuscitation Video Goes Viral)
ദാദൻപൂർ സ്വദേശിയായ ആയിഷയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവം വിജയകരമായി പൂർത്തിയായെങ്കിലും ജനിച്ചയുടൻ കുഞ്ഞ് കരയുകയോ ശ്വസിക്കുകയോ ചെയ്യാതിരുന്നത് ഡോക്ടർമാരെയും ജീവനക്കാരെയും ആശങ്കയിലാഴ്ത്തിയിരുന്നു.
ആശുപത്രി ജീവനക്കാർ മൊബൈലിൽ പകർത്തിയ രക്ഷാപ്രവർത്തനത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. പൂർണ്ണമായും അനക്കമറ്റ നിലയിലായിരുന്ന കുഞ്ഞിൻ്റെ മുഖത്ത് ഒരു മെഡിക്കൽ വെള്ളത്തുണി വിരിച്ച ശേഷം സ്വന്തം വായിൽ നിന്നും കുഞ്ഞിൻ്റെ വായിലേക്ക് ഡോ. റൂമ നേരിട്ട് കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നത് വീഡിയോയിൽ കാണാം. നിരവധി തവണ ഇത്തരത്തിൽ ശ്വാസം നൽകിയിട്ടും കുട്ടി പ്രതികരിക്കാതിരുന്നിട്ടും ഡോക്ടർ പിന്മാറിയില്ല. കുഞ്ഞിന്റെ നെഞ്ചിൽ വിരലുകൾ കൊണ്ട് മൃദുവായി അമർത്തിയും, പുറംഭാഗത്ത് തട്ടിയും അവർ ഉത്തേജിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. നിരന്തരമായ ഈ തീവ്രശ്രമങ്ങൾക്കൊടുവിൽ കുഞ്ഞ് പെട്ടെന്ന് കരയുകയായിരുന്നു.
ജനനസമയത്ത് കുട്ടികളിലുണ്ടാകുന്ന ശ്വാസതടസ്സം ഇന്ത്യയിൽ നവജാതശിശുക്കളുടെ മരണനിരക്കിനും മറ്റ് സങ്കീർണ്ണതകൾക്കും കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കുഞ്ഞ് ജനിച്ച ശേഷമുള്ള ആദ്യത്തെ കുറച്ച് മിനിറ്റുകൾ തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണത്തിന് അതീവ നിർണ്ണായകമാണ്. ഈ ഘട്ടത്തിൽ സെക്കൻഡുകൾ വൈകിയാൽ പോലും കുട്ടിയുടെ ജീവന് ഭീഷണിയാകുകയോ അല്ലെങ്കിൽ തലച്ചോറിന് സ്ഥിരമായ തകരാറുണ്ടാകുകയോ ചെയ്യാം.
Story Summary
A heartwarming video of a woman doctor, Dr. Rooma, performing mouth-to-mouth resuscitation on a lifeless newborn has gone viral from Saharanpur, Uttar Pradesh. The baby, who failed to breathe or cry immediately after birth, was successfully revived after several minutes of intense cardiopulmonary resuscitation by the doctor.

