ഡൽഹിയിലെ നങ്‌ലോയ് മേഖലയിൽ ഇരുപത്തിനാലുകാരിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി (Delhi Suicide Case). ഭർതൃവീട്ടുകാരിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ചും മാനസിക സംഘർഷങ്ങളെക്കുറിച്ചും പറയുന്ന മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ സന്ദേശം യുവതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും, യുവതി ചിത്രീകരിച്ച വീഡിയോ സന്ദേശം കേസിൽ നിർണ്ണായക തെളിവായി മാറിയിരിക്കുകയാണ്.
രണ്ടര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഒന്നര വയസ്സുള്ള ഒരു മകളുമുണ്ട്. ഭർത്താവിന്റെ വീട്ടുകാർ തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും, ചെറിയൊരു കുടുംബം മാത്രമാണ് താൻ ആഗ്രഹിച്ചതെന്നും വീഡിയോയിൽ യുവതി പറയുന്നുണ്ട്. തന്റെ മരണശേഷം മകളെ ആർക്കും വിട്ടുകൊടുക്കരുതെന്നും, ഭർത്താവിന്റെ പെരുമാറ്റം സ്ഥിരതയില്ലാത്തതാണെന്നും ഇവർ ആരോപിക്കുന്നു. തന്റെ മരണത്തെ ചൊല്ലി മാതാപിതാക്കൾ തമ്മിൽ വഴക്കിടരുതെന്നും വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്. സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ മൊഴിയെടുക്കുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.
Summary: A 24-year-old woman in Delhi’s Nangloi area died by suicide in her matrimonial home after recording a video alleging severe harassment by her in-laws and husband. In the three-minute video clip found on her mobile, she detailed her emotional distress, mentioned her husband’s unstable behavior, and expressed a desire to keep her 1.5-year-old daughter away from his family. Local police have registered a case and are conducting a thorough investigation, with statements already recorded before the Sub-Divisional Magistrate (SDM).

