ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ വിദേശ പൗരന്മാരുൾപ്പെടെ 21 പേർ ദാരുണമായി കൊല്ലപ്പെട്ടു. ചികിത്സാ ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തി മാളവ്യ നഗറിലെ ഹൗസ് റാണിയിലുള്ള ‘ഫ്ലറിഷ് സ്റ്റേ’ ഹോട്ടലിൽ താമസിച്ചിരുന്ന വിദേശികളാണ് ദാരുണമായി മരണപ്പെട്ടവരിൽ ഭൂരിഭാഗവും (Delhi Malviya Nagar Hotel Fire). ഇന്ന് രാവിലെ എട്ടരയോടെ അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന റെസ്റ്റോറന്റിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് ഇത് തൊട്ടടുത്തുള്ള ‘മികാസ ഇൻ’ എന്ന മറ്റൊരു ഹോട്ടലിലേക്കും അതിവേഗം പടരുകയായിരുന്നു. ദുരന്തസമയത്ത് ഹോട്ടലിലുണ്ടായിരുന്ന നാൽപ്പതിലധികം പേരെ അഗ്നിശമന സേനയും ദുരന്തനിവാരണ വിഭാഗവും ചേർന്ന് സാഹസികമായി രക്ഷപെടുത്തി.
പുക നിറഞ്ഞ കെട്ടിടത്തിൽ നിന്നും രക്ഷപെടാനായി ജനൽച്ചില്ലുകൾ തകർത്ത് ആളുകൾ താഴേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതിഭീകരമായ നിയമലംഘനങ്ങളും സുരക്ഷാവീഴ്ചകളുമാണ് ഇത്രയും വലിയൊരു ദുരന്തത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ. ഡൽഹി സർക്കാരിന്റെ ‘ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്’ (B&B) പദ്ധതി പ്രകാരം വെറും ആറ് മുറികൾ പ്രവർത്തിപ്പിക്കാൻ മാത്രം അനുമതിയുള്ള ഹോട്ടലിൽ നിയമവിരുദ്ധമായി ബേസ്‌മെന്റിലടക്കം 25 മുറികളാണ് പ്രവർത്തിച്ചിരുന്നത്. ഇത്രയും വലിയ കെട്ടിടത്തിന് അകത്തേക്കും പുറത്തേക്കും പോകുവാൻ ഒരൊറ്റ വഴി മാത്രമാണുണ്ടായിരുന്നത് എന്നതും ദുരന്തത്തിന്റെ ആക്കം കൂട്ടി.
ഹോട്ടലിന് ഫയർ എൻ.ഒ.സി ഉണ്ടോ എന്ന കാര്യം അധികൃതർ പരിശോധിച്ച് വരികയാണ്. ഇലക്ട്രിക് സ്റ്റൗ ഓൺ ചെയ്യാൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് തീജ്വാലകൾ പടരുകയായിരുന്നുവെന്ന് ഹോട്ടലിലെ ഷെഫ് വെളിപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ പ്രമുഖ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്ന വിദേശികൾ കുറഞ്ഞ ചിലവിൽ താമസിക്കാനായി ആശ്രയിക്കുന്ന ജനസാന്ദ്രതയേറിയ ഈ പ്രദേശത്ത് ഉണ്ടായ ദുരന്തം ഡൽഹിയിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും ചോദ്യം ചെയ്യുന്നതാണ്.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും കടുത്ത അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും പിന്തുണയും ഡൽഹി സർക്കാർ ഉറപ്പാക്കുമെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡൽഹി പൊലീസും ഫയർഫോഴ്സും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: At least 21 people, mostly foreign nationals who visited the national capital for medical treatment, were killed in a massive fire at a hotel in Delhi’s Malviya Nagar. The fire reportedly broke out in the basement restaurant of the Flourish Stay hotel and rapidly spread to an adjacent building, prompting dramatic rescue operations that saved over 40 guests. Authorities are investigating severe safety lapses, as the hotel was allegedly operating 25 rooms despite having permission for only six under a bed and breakfast license.

