ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ യാതൊരുവിധ നിബന്ധനകളും മുന്നോട്ടുവെക്കാതെ ചർച്ചയിൽ പങ്കാളികളാകാൻ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്ന് രാജ്യസഭയിൽ സംസാരിക്കവേ അദ്ദേഹം ആഹ്വാനം ചെയ്തു.(Kiren Rijiju Urges Opposition For Precondition Free Discussion On NEET Paper Leak In Parliament)
വിഷയത്തിൽ ഉടനടി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച മന്ത്രി, ചർച്ച ആരംഭിക്കുന്നതിന് മുൻപ് നിബന്ധനകൾ വെക്കുന്ന പ്രതിപക്ഷത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്തു. “നീറ്റ് വിഷയത്തിൽ ചർച്ച വേണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചർച്ചയ്ക്ക് മുന്നോടിയായി വ്യവസ്ഥകൾ വെക്കുന്നത് നിങ്ങളുടെ ഉദ്ദേശ്യം ശരിയല്ല എന്നതിന്റെ തെളിവാണ്. യാതൊരു നിബന്ധനകളുമില്ലാതെ ഇന്ന് തന്നെ ചർച്ച ആരംഭിക്കാൻ സർക്കാർ തയ്യാറാണ്,” എന്ന് കിരൺ റിജിജു സഭയിൽ വ്യക്തമാക്കി.
ക്രമക്കേടുകൾ കാട്ടിയവർക്കെതിരെ അതിവേഗ കോടതികൾ സ്ഥാപിച്ച് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ചർച്ചകൾ നിയമപ്രകാരം ഏത് വകുപ്പിൽ വേണമെന്ന് തീരുമാനിക്കാൻ ഫ്ലോർ ലീഡർമാരുമായി ആലോചിക്കാൻ സർക്കാർ തയ്യാറാണെന്നും സഭ തടസ്സപ്പെടുത്താതെ സഹകരിക്കണമെന്നും കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിലും ചർച്ച വേണമെന്ന നിലപാടിലും ഉറച്ചുനിൽക്കുന്ന പ്രതിപക്ഷം സഭയ്ക്കുള്ളിൽ പ്രതിഷേധം തുടർന്നു. അതിനാൽ ഇരുസഭകളും 2 മണി വരെ നിർത്തിവച്ചു.
Story Summary
Union Parliamentary Affairs Minister Kiren Rijiju urged the Opposition in the Rajya Sabha to hold a debate on the NEET paper leak issue without any preconditions. He emphasized that there should be no politics over the future of students and reiterated the government’s readiness to start the discussion immediately.


