ശിവപുരി: മധ്യപ്രദേശിലെ ശിവപുരിയിൽ ബിജെപി എംഎൽഎ പ്രീതം ലോധിയുടെ മകൻ ഓടിച്ച താർ എസ്‌യുവി ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ പോലീസിനെതിരെ ഭീഷണിയുമായി എംഎൽഎ രംഗത്ത് (BJP MLA Pritam Lodhi Threatens Police). എംഎൽഎയുടെ മകൻ ദിനേഷ് ലോധിക്കെതിരെയാണ് അശ്രദ്ധമായി വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തിരിക്കുന്നത്.
ഏപ്രിൽ 16-ന് രാവിലെയാണ് അപകടമുണ്ടായത്. ദിനേഷ് ലോധി ഓടിച്ച കറുത്ത താർ എസ്‌യുവി റോഡിലൂടെ നടന്നുപോയ രണ്ട് സ്ത്രീകളെയും തുടർന്ന് ഒരു ബൈക്കിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അഞ്ച് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടം നടന്ന ഉടൻ “മകനേക്കാൾ വലുത് ജനങ്ങളാണ്, നീതി നടപ്പിലാക്കണം” എന്ന് ഫേസ്ബുക്കിൽ കുറിച്ച എംഎൽഎ ദിവസങ്ങൾക്കുള്ളിൽ നിലപാട് മാറ്റി. തന്റെ മകനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കരേര എസ്ഡിഒപി ആയുഷ് ജാഖറിനെതിരെ അദ്ദേഹം ആക്രോശിച്ചു. “കരേര നിന്റെ തന്തയുടെ വകയാണോ? ധൈര്യമുണ്ടെങ്കിൽ എന്റെ മകനെ തടയൂ, അവൻ അവിടെ വീണ്ടും വരും, തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യും” എന്നാണ് എംഎൽഎ പോലീസിനോട് പറഞ്ഞത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ, അപകടമുണ്ടാക്കിയ അതേ വാഹനത്തിലാണ് ദിനേഷ് ലോധി എത്തിയത്. നമ്പർ പ്ലേറ്റില്ലാത്ത, നിയമവിരുദ്ധമായ കറുത്ത ഫിലിം ഒട്ടിച്ച ഈ വാഹനത്തിൽ ഹൂട്ടറും ഘടിപ്പിച്ചിരുന്നു. പരിക്കേറ്റവരെ തിരിഞ്ഞുനോക്കാൻ പോലും എംഎൽഎയോ മകനോ തയ്യാറായില്ലെന്ന് ഇരകൾ ആരോപിക്കുന്നു. ദിനേഷ് ലോധിക്കെതിരെ മുൻപും വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്. എംഎൽഎ പ്രീതം ലോധിക്കെതിരെയും കൊലപാതകശ്രമം, കലാപശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് എംഎൽഎ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
Summary: BJP MLA Pritam Lodhi has sparked controversy by openly threatening police officers after his son, Dinesh Lodhi, allegedly rammed his Thar SUV into five people in Madhya Pradesh’s Shivpuri. Initially calling for justice, the MLA later made a U-turn, challenging the SDOP of Karera and warning of retaliation if the investigation continued against his son. The accused son displayed further arrogance by arriving at the police station in the same modified vehicle involved in the crash. Both the MLA and his son have significant criminal backgrounds, leading to public outrage over the misuse of political power.

