കൊളീജിയം സംവിധാനം മികച്ചത്: ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്
Sat, 18 Mar 2023

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം ഏറ്റവും മികച്ചതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്. ജുഡീഷറി സ്വതന്ത്രമാകണമെങ്കിൽ ബാഹ്യ സ്വാധീനങ്ങളിൽ നിന്ന് അതിനെ അകറ്റിനിർത്തണം. എല്ലാ സംവിധാനങ്ങളും എല്ലാം തികഞ്ഞതല്ല. എന്നാൽ തങ്ങൾ വികസിപ്പിച്ചെടുത്തതിൽ ഏറ്റവും മികച്ച സംവിധാനമാണിതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. കേസുകൾ തീർപ്പാക്കുന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് സമ്മർദവുമില്ലെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ന്യായാധിപനായുള്ള 23 വർഷത്തിനിടെ ഒരു കേസ് എങ്ങനെ തീരുമാനിക്കണമെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ അഭിപ്രായങ്ങളിൽ വ്യത്യാസമുണ്ടാകുമെങ്കിലും നിയമമന്ത്രിയുമായുള്ള പ്രശ്നത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.