പുലിവാല് പിടിച്ച് ബച്ചൻ; വിവാദ ഫോട്ടോയില്‍ പ്രതികരണവുമായി മുംബൈ പൊലീസ്
May 16, 2023, 11:29 IST

അമിതാഭ് ബച്ചൻ പങ്കുവെച്ച ഒരു ഫോട്ടോ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയ തന്നെ സിനിമാ സെറ്റില്‍ എത്താൻ ഒരു ബൈക്ക് യാത്രികൻ സഹായിച്ചു എന്ന് വ്യക്തമാക്കിയാണ് അമിതാതാഭ് ബച്ചൻ ഫോട്ടോ പങ്കുവെച്ചത്. ഒട്ടേറെ പേര്‍ താരത്തെ അഭിനന്ദിച്ച് രംഗത്ത് എത്തുകയും ചെയ്‍തു. എന്നാല്‍ ഹെല്‍മെറ്റ് വയ്‍ക്കാത്തതിൻറ്റെ പേരില്‍ താരം ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. തിരക്കുള്ള റോഡില്‍ ലിഫ്റ്റ് എടുത്താണെങ്കിലും ജോലിക്ക് എത്തുന്ന അമിതാഭിന്‍റെ കൃത്യനിഷ്ഠയെ പലരും പുകഴ്ത്തി. എന്നാല്‍ എല്ലാവര്‍ക്കും മാതൃകയാകേണ്ട ഒരു സിനിമാ നടൻ ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് മറ്റ് ചിലര്‍ ഉയര്‍ത്തിയത്. മുംബൈ പൊലീസിനെ ടാഗ് ചെയ്‍ത് ചിത്രം ചിലര്‍ പങ്കുവയ്‍ക്കുകയും ചെയ്‍തു. ഞങ്ങള്‍ ഇത് ട്രാഫിക് ഡിപ്പാര്‍ട്‍മെന്റിനെ അറിയിച്ചിട്ടുണ്ട് എന്നായിരുന്നു മുംബൈ പൊലീസ് ഇതിനോട് പ്രതികരിച്ചത്.