ന്യൂഡൽഹി: അണ്ടർ-19 ഏഷ്യാ കപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിലും റെക്കോർഡുകൾ തകർത്തെറിഞ്ഞ പതിനാലുകാരൻ വൈഭവ് സൂര്യവംശിയെ പ്രശംസ കൊണ്ട് മൂടി ശശി തരൂർ എംപി. 14-ാം വയസ്സിൽ ഇത്രയും അസാധാരണ പ്രതിഭയായി നമ്മൾ കണ്ട ഒരേയൊരു താരം സച്ചിൻ ടെണ്ടുൽക്കറാണെന്നും വൈഭവിനെ ഇന്ത്യൻ ടീമിലെടുക്കാൻ ഇനി എന്തിന് കാത്തിരിക്കണമെന്നും തരൂർ എക്സിൽ കുറിച്ചു.(Why wait any longer to include Vaibhav Sooryavanshi in the Indian team? asks Shashi Tharoor)
അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ ബീഹാറിനായി കളത്തിലിറങ്ങിയ വൈഭവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി (14 വയസ്സും 272 ദിവസവും). 1986-ൽ സഹൂർ ഇലാഹി സ്ഥാപിച്ച (15 വയസ്സും 209 ദിവസവും) 38 വർഷം പഴക്കമുള്ള റെക്കോർഡാണ് തകർന്നത്.
വെറും 35 പന്തിൽ സെഞ്ച്വറി തികച്ച താരം, 54 പന്തിൽ 150 റൺസ് കടന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ 150 റൺസ് എന്ന ലോക റെക്കോർഡും ഇതോടെ വൈഭവിന്റെ പേരിനൊപ്പമായി. ഇരട്ട സെഞ്ച്വറിക്ക് തൊട്ടരികെ 84 പന്തിൽ 190 റൺസെടുത്താണ് താരം പുറത്തായത്.