

ഹൈദരാബാദ്: നഗരത്തിൽ വിപുലമായ ലഹരിമരുന്ന് ശൃംഖല നടത്തിവന്ന സോഫ്റ്റ്‌വെയർ എൻജിനീയർ ഉൾപ്പെടെയുള്ള സംഘത്തെ ഹൈദരാബാദ് പോലീസ് പിടികൂടി. സുഷ്മിതാദേവി (ലില്ലി-21), ഇവരുടെ പങ്കാളിയും ഇവന്റ് മാനേജറുമായ ഉമ്മിദി ഇമ്മാനുവൽ (25), ജി. സായ്കുമാർ (28), താരക ലക്ഷ്മീകാന്ത് അയ്യപ്പ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് മൂന്നുലക്ഷം രൂപയോളം വിലമതിക്കുന്ന വിവിധയിനം മയക്കുമരുന്നുകൾ പോലീസ് കണ്ടെടുത്തു.
22 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ്, അഞ്ച് ഗ്രാം എം.ഡി.എം.എ, ആറ് എൽ.എസ്.ഡി ബ്ലോട്ടുകൾ, എക്റ്റസി ഗുളികകൾ എന്നിവയാണ് റെയ്ഡിൽ പോലീസ് പിടിച്ചെടുത്തത്. കൂടാതെ 50,000 രൂപയും നാല് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.
വിതരണക്കാരിൽ നിന്ന് ഡാർക്ക് വെബ് (Dark Web) വഴിയാണ് ഇമ്മാനുവൽ ലഹരിമരുന്നുകൾ സംഘടിപ്പിച്ചിരുന്നത്. ഇതിനായുള്ള പണമിടപാടുകൾ ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികൾ വഴിയാണ് നടത്തിയിരുന്നത്.
ഇമ്മാനുവലിന്റെ അഭാവത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ സുഷ്മിതയാണ് ലഹരി വിതരണവും ഓൺലൈൻ സാമ്പത്തിക ഇടപാടുകളും നിയന്ത്രിച്ചിരുന്നത്. ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന ജോലി സായ്കുമാർ നിർവ്വഹിച്ചു. പിടിയിലായ താരക ലക്ഷ്മീകാന്ത് ലഹരിമരുന്നിന്റെ സ്ഥിരം ഉപഭോക്താവാണ്.
ഹൈദരാബാദ് നർക്കോട്ടിക്‌സ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ലോക്കൽ പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ലഹരിമരുന്ന് ശൃംഖലയിൽ കൂടുതൽ ഐ.ടി ജീവനക്കാരോ വിദ്യാർത്ഥികളോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.