

ന്യൂഡൽഹി: ഭാരതത്തെ വികസിത രാഷ്ട്രമാക്കാനുള്ള ദീർഘകാല കാഴ്ചപ്പാടോടെ പുതുവർഷത്തിൽ വമ്പൻ പദ്ധതികൾക്ക് തുടക്കമിടാൻ കേന്ദ്രസർക്കാർ. വരാനിരിക്കുന്ന ബജറ്റിൽ ഓരോ മേഖലയ്ക്കും പ്രത്യേകമായ അഞ്ച് വർഷത്തെ 'സെക്ടറൽ ആക്ഷൻ പ്ലാനുകൾ' ഉൾപ്പെടുത്തിയാകും പദ്ധതികൾ നടപ്പിലാക്കുക.(From nuclear energy to bullet trains, India will step forward in the new year)
1. ആണവോർജം: ഊർജ്ജ മേഖലയിൽ വലിയ കുതിപ്പ്
ന്യൂക്ലിയർ എനർജി മിഷന്റെ ഭാഗമായി സ്മോൾ മോഡുലാർ റിയാക്ടറുകൾ (SMRs) വികസിപ്പിക്കുന്നതിന് 20,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. 2033-ഓടെ ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത അഞ്ച് SMR-കൾ പ്രവർത്തനക്ഷമമാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായുള്ള ഗവേഷണങ്ങളിൽ 2026 ഒരു നിർണ്ണായക വർഷമായിരിക്കും.
2. ഉഡാൻ: വ്യോമയാന മേഖലയുടെ വിപുലീകരണം
സാധാരണക്കാർക്കും വിമാനയാത്ര സാധ്യമാക്കുന്ന ഉഡാൻ പദ്ധതി കേന്ദ്രം കൂടുതൽ വിപുലീകരിക്കും. അടുത്ത 10 വർഷത്തിനുള്ളിൽ 120 പുതിയ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും. മലയോര മേഖലകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ഹെലിപാഡുകൾ സ്ഥാപിക്കും. ഇതിലൂടെ 4 കോടി യാത്രക്കാരെയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
3. റെയിൽവേയും ബുള്ളറ്റ് ട്രെയിനും
മുംബൈ-അഹമ്മദാബാദ് പാതയുടെ ആദ്യ 100 കിലോമീറ്റർ റീച്ച് 2026-ൽ പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിക്ക് മുൻഗണന നൽകും. 2030-ഓടെ ചരക്ക് ഗതാഗതത്തിന്റെ വിഹിതം 45% ആയി ഉയർത്തും.
4. കപ്പൽ നിർമ്മാണവും തുറമുഖ നവീകരണവും
കടൽ കടന്നുള്ള വ്യാപാരത്തിന് കരുത്തേകാൻ 25,000 കോടി രൂപയുടെ 'മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട്' രൂപീകരിച്ചു. ഇത് കപ്പൽ നിർമ്മാണത്തിനും തുറമുഖങ്ങളുടെ നവീകരണത്തിനും വലിയ മുതൽക്കൂട്ടാകും.
അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ ജൽജീവൻ മിഷൻ, നാഷണൽ മാനുഫാക്ചറിങ് മിഷൻ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ നവീകരണം എന്നിവയ്ക്കും കേന്ദ്രം പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.