ലഖ്‌നൗ: അലിഗഢ് മുസ്‌ലിം സർവകലാശാല കാമ്പസിനുള്ളിൽ അധ്യാപകനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. സർവകലാശാലയുടെ എബികെ യൂണിയൻ ഹൈസ്‌കൂളിലെ അധ്യാപകനായ റാവു ഡാനിഷ് ഹിലാൽ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെ സർവകലാശാല ലൈബ്രറി കാന്റീന് സമീപമാണ് ക്രൂരമായ കൊലപാതകം നടന്നത്.(Professor shot dead in Aligarh Muslim University)
ഡാനിഷും സുഹൃത്തുക്കളും ലൈബ്രറി കാന്റീന് സമീപം സംസാരിച്ചിരിക്കുമ്പോഴാണ് സ്കൂട്ടറിലെത്തിയ അക്രമി സംഘം വെടിയുതിർത്തത്. രണ്ട് തവണയാണ് ഡാനിഷിന് നേരെ വെടിവെച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ജെഎൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
"ഡാനിഷ്, ഇപ്പോൾ നിനക്ക് എന്നെ അറിയാം" എന്ന് വെടിയുതിർക്കുന്നതിന് തൊട്ടുമുമ്പ് അക്രമികളിലൊരാൾ വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് കൃത്യത്തിന് പിന്നിൽ വ്യക്തമായ വ്യക്തിവൈരാഗ്യം ഉണ്ടെന്ന സൂചനയാണ് നൽകുന്നത്.വ്യക്തിവൈരാഗ്യം ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അക്രമികളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.