അഴിമതി റേറ്റ് കാർഡ് പരസ്യം; കോൺഗ്രസിന് നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

കര്‍ണാടക സര്‍ക്കാരിന്റെ അഴിമതി നിരക്ക് ചൂണ്ടിക്കാണിച്ചുള്ള കോണ്‍ഗ്രസിന്റെ പത്രപരസ്യത്തിനെതിരെയാണ് കമ്മീഷന്റെ നടപടി. ഈ പരസ്യത്തിനെതിരെ ബിജെപി നല്കിയ പരാതിയിന്മേലാണ് കമ്മീഷൻ നോട്ടീസ് പുറപ്പെടുവിച്ചത്. ഞായറാഴ്ച രാത്രി ഏഴിന് മുമ്പായി മറുപടി നല്‍കണമെന്ന് പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും മറുപടി നല്‍കിയില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടിയെടുക്കുമെന്നും കമ്മീഷൻ നോട്ടീസില്‍ മുന്നറിയിപ്പ് നൽകി.
അഴിമതികൾ നിറഞ്ഞ "ട്രബിൾ എഞ്ചിൻ' സർക്കാർ കർണാടകയിലെ വിവിധ പദ്ധതികൾക്കായി 40 ശതമാനം കമ്മീഷന് വാങ്ങുന്നതായി ആണ് കോൺഗ്രസ് ആരോപിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടെ 1,50,000 കോടി രൂപയുടെ അഴിമതി നടത്തിയ സർക്കാരിന്റെ അഴിമതി റേറ്റ് കാർഡും കോൺഗ്രസ് പുറത്തിറക്കിയിരുന്നു. സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെല്ലാം ഇത്തരമൊരു ആരോപണം ഉയര്‍ത്തിയുള്ള പരസ്യം നൽകിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ബിജെപി അറിയിച്ചിരുന്നു.