Times Kerala

 അഴിമതിയില്‍ മുങ്ങിക്കുളിച്ച നിയമനങ്ങള്‍, പശ്ചിമ ബംഗാളില്‍ 36000 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

 
court
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 36,000 പ്രൈമറി അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി കൊല്‍ക്കൊത്ത ഹൈക്കോടതി. അഴിമതി നടന്നുവെന്ന് കണ്ടെത്തിയാണ് കോടതിയുടെ ഇടപെടല്‍. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. അഴിമതിയുടെ ഈ വ്യാപ്തി മുന്‍പൊരിക്കലും ബംഗാളില്‍ കണ്ടിട്ടില്ലെന്നായിരുന്നു വിധി പറഞ്ഞ ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായയുടെ നിരീക്ഷണം.  2016ല്‍ നിയമനം നടക്കുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മതിയായ പരിശീലനം ലഭിച്ചിരുന്നില്ലെന്നും നിയമന നടപടിക്രമങ്ങള്‍ വ്യക്തമായി പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2016ലെ നിയമന പ്രക്രിയയില്‍ പങ്കെടുത്തവര്‍ക്കായി മൂന്നു മാസത്തിനുള്ളില്‍ പുനര്‍ നിയമനപ്രക്രിയ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഈ കാലഘട്ടത്തില്‍ പരിശീലന യോഗ്യതയുള്ളവരെ എല്ലാം ഇതില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ പുതുതായി ആരെയും പ്രക്രിയയില്‍ ഉള്‍പ്പെടുത്തരുത്.

ഉദ്യോഗാര്‍ത്ഥികള്‍ക്കോ അഭിമുഖം നടത്തിയവര്‍ക്കോ അഭിരുചി പരീക്ഷയുടെ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും 17 പേജുള്ള ഉത്തരവില്‍ പറയുന്നു.  ഉത്തരവ് രാത്രി 11 മണിയോടെയാണ് ഹൈക്കോടതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.


2016ലെ പ്രൈമറി അധ്യാപക നിയമനത്തില്‍ ബോര്‍ഡ് വ്യാപക ക്രമക്കേട് നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ബോര്‍ഡ് പ്രസിഡന്റ് മണിക് ഭട്ടാചാര്യയെ ഇ.ഡി അറസ്റ്റു ചെയ്തിരുന്നു. നിയമനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി 140 പരാതികളാണ് ലഭിച്ചത്. 42,500 പേര്‍ പരീക്ഷ എഴുതിയതില്‍ 6,500 പേര്‍ക്ക് മാത്രമേ ശരിയായ പരിശീലനം ലഭിച്ചിരുന്നുള്ളുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Topics

Share this story