

മലേഷ്യ: ദളപതി വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകന്റെ' ഓഡിയോ ലോഞ്ച് ചടങ്ങിൽ വികാരാധീനയായി നടി പൂജ ഹെഗ്‌ഡെ. താൻ ഇതുവരെ ജോലി ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രൊഫഷണലായ നടനാണ് വിജയ് എന്നും അദ്ദേഹത്തിന്റെ വിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും പൂജ പറഞ്ഞു.
'ബീസ്റ്റ്' എന്ന ചിത്രത്തിന് ശേഷം വിജയ്‌യും പൂജ ഹെഗ്‌ഡെയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജനനായകൻ. ബീസ്റ്റിലെ 'അറബിക് കുത്ത്' എന്ന ഗാനം തെന്നിന്ത്യയിൽ തരംഗമായിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ വിജയ്‌യെക്കുറിച്ച് പൂജ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
"വിജയ് സർ, നിങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഇത്ര വലിയ സ്റ്റാർ ആയിട്ടും നിങ്ങൾ കാണിക്കുന്ന വിനയം മാതൃകയാക്കാവുന്നതാണ്. എനിക്ക് നിങ്ങളെപ്പോലെ ആകണം. ഇത് നിങ്ങളുടെ അവസാന സിനിമയാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ശരിക്കും സങ്കടമായി." - പൂജ ഹെഗ്‌ഡെ പറഞ്ഞു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‌യുടെ അവസാന സിനിമയായതിനാൽ വലിയ ആവേശത്തോടെയാണ് ആരാധകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.