

ഗ്വാളിയോർ: 800 സാരികളും ഏഴ് പെട്ടികളിലായി ആഭരണങ്ങളുമായി ബിഗ് ബോസ് ഹൗസിലെത്തി എല്ലാവരെയും ഞെട്ടിച്ച താന്യ മിത്തൽ വീണ്ടും വാർത്തകളിൽ നിറയുന്നു. തനിക്ക് സ്വന്തമായി ഒരു കോണ്ടം നിർമാണ ഫാക്ടറിയുണ്ടെന്ന വെളിപ്പെടുത്തലുമായാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പുറമെ ബിഗ് ബോസിൽ വെച്ച് അവതാരകൻ സൽമാൻ ഖാനിൽ നിന്നും മറ്റ് മത്സരാർത്ഥികളിൽ നിന്നും തനിക്ക് പരിഹാസം നേരിടേണ്ടി വന്നതായും താന്യ വെളിപ്പെടുത്തി.
സ്പിരിച്വൽ കണ്ടന്റ് ക്രിയേറ്റർ, പോഡ്കാസ്റ്റർ, ഇൻഫ്ലുവൻസർ എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവമായ താന്യ, ഗ്വാളിയാറിലുള്ള തന്റെ കോണ്ടം ഫാക്ടറി സന്ദർശിക്കുന്ന വീഡിയോ പങ്കുവെച്ചാണ് തന്റെ ബിസിനസ്സ് സാമ്രാജ്യം ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത്.
ഇത്തരമൊരു ബിസിനസ് തിരഞ്ഞെടുക്കുന്നത് മോശമായി കാണുന്ന സമൂഹത്തിന്റെ ചിന്താഗതി മാറണമെന്നും താൻ ഇതിൽ അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു.
അത്യാധുനിക യന്ത്രസാമഗ്രികൾ ഉപയോഗിക്കുന്ന ഫാക്ടറിയും ലബോറട്ടറി പരിശോധനകളും താരം വീഡിയോയിൽ വിവരിക്കുന്നുണ്ട്. തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകുന്ന മികച്ച തൊഴിലുടമയാണ് താന്യയെന്ന് ഫാക്ടറിയിലെ ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു.
ബിഗ് ബോസ് ഷോയുടെ ഭാഗമായപ്പോൾ തന്നെ പലരും വിലകുറച്ചു കണ്ടുവെന്ന് താന്യ ആരോപിക്കുന്നു. സൽമാൻ ഖാൻ ഉൾപ്പെടെയുള്ളവർ തന്നെ പരിഹസിച്ചിരുന്നുവെന്നും ഇത് തന്നെ മാനസികമായി ബാധിച്ചുവെന്നും താരം പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിനിയായ താന്യ മിത്തലിന്റെ വളർച്ച ഏറെ വിസ്മയിപ്പിക്കുന്നതാണ്.
ആർക്കിടെക്ചർ ബിരുദധാരിയായ ഇവർ വെറും 500 രൂപ നിക്ഷേപിച്ചാണ് ബിസിനസ് ലോകത്തേക്ക് ചുവടുവെച്ചത്.
'ഹാൻഡ്‌മേഡ് വിത്ത് ലവ് ബൈ താന്യ' എന്ന പേരിൽ സാരികളുടെയും ഹാൻഡ് ബാഗുകളുടെയും സ്വന്തം ബ്രാൻഡും ഇവർ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു.