ന്യൂഡൽഹി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷന്റെ പ്രവർത്തനം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹർജി നൽകിയത്.(Diplomatic gold smuggling case, State government moves Supreme Court against stay of Justice VK Mohanan Commission)
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഭരണഘടനാ പദവിയിലുള്ളവരെ വ്യാജമായി പ്രതിചേർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചോ എന്ന് പരിശോധിക്കാനാണ് റിട്ട. ജസ്റ്റിസ് വി.കെ. മോഹനനെ സർക്കാർ കമ്മീഷനായി നിയോഗിച്ചത്.
സമാന്തര അന്വേഷണം കേസിലെ ക്രിമിനൽ നടപടികളെയും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിൾ ബെഞ്ച് കമ്മീഷന്റെ പ്രവർത്തനം സ്റ്റേ ചെയ്തു. ഇ.ഡി (ED) നൽകിയ ഹർജിയിലായിരുന്നു നടപടി. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളിയിരുന്നു.