

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാഴ്ചപരിധി കുറഞ്ഞതും വായുമലിനീകരണം രൂക്ഷമായതും കണക്കിലെടുത്ത് വിവിധയിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തരേന്ത്യ അതിശൈത്യത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ജാഗ്രതാ നിർദ്ദേശം കർശനമാക്കിയത്.
മൂടൽമഞ്ഞ് വിമാന, ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് യാത്ര ഉറപ്പാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. റോഡ് ഗതാഗതവും മന്ദഗതിയിലാണ്.
ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക (AQI) 401 കടന്ന് 'അതീവ ഗുരുതര' (Severe) വിഭാഗത്തിലെത്തി. ആനന്ദ് വിഹാർ, ബവാന, ജഹാംഗീർപുരി, രോഹിണി, വിവേക് വിഹാർ തുടങ്ങിയ മേഖലകളിലാണ് മലിനീകരണം ഏറ്റവും രൂക്ഷമായിരിക്കുന്നത്.
പുകമഞ്ഞ് കാഴ്ചപരിധിയെ ബാധിച്ചതോടെ വാഹനങ്ങൾ പകൽസമയത്തും ലൈറ്റുകൾ തെളിച്ചാണ് ഓടുന്നത്.
ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്. വരും ദിവസങ്ങളിലും അതിശൈത്യവും മൂടൽമഞ്ഞും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.