പുനെ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് 2026-ലെ അഭിമാനകരമായ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മാനിച്ചു. ഇന്ത്യയുടെ ആഭ്യന്തര-ബാഹ്യ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും വിദേശനയ രൂപീകരണത്തിലും ഡോവൽ നൽകിയ സംഭാവനകൾ രാജ്യത്തിന്റെ ചരിത്രത്തിൽ സുവർണതാളിൽ രേഖപ്പെടുത്തപ്പെടുമെന്നും ഷാ പറഞ്ഞു (Ajit Doval Lokmanya Tilak National Award). ലോകമാന്യ ബാലഗംഗാധര തിലകിന്റെ 106-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് പുനെയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. ഇന്ത്യയുടെ ആഭ്യന്തര, ബാഹ്യ സുരക്ഷാ ചരിത്രം ഭാവിയിൽ വിലയിരുത്തുമ്പോൾ അജിത് ഡോവലിനായി ഒരു സുവർണതാൾ മാറ്റിവെക്കേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് അമിത് ഷാ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശയും അർഥവും നൽകിയ നേതാവായിരുന്നു ലോകമാന്യ തിലകെന്ന് ഷാ അനുസ്മരിച്ചു. “സ്വരാജ്യം എന്റെ ജന്മാവകാശമാണ്” എന്ന പ്രഖ്യാപനത്തിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിൽ സ്വാതന്ത്ര്യബോധം ഉണർത്താൻ തിലകിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകൻ, നിർഭയനായ പത്രപ്രവർത്തകൻ, ചിന്തകൻ, കർമയോഗി എന്നീ നിലകളിൽ തിലക് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്നും ഷാ കൂട്ടിച്ചേർത്തു.
തിലകിന്റെ നിർഭയമായ ദേശീയ കാഴ്ചപ്പാടും അജിത് ഡോവലിന്റെ സുരക്ഷാ രംഗത്തെ പ്രവർത്തന മികവും തമ്മിൽ താരതമ്യം ചെയ്ത ഷാ, ദേശീയ വിദ്യാഭ്യാസത്തിനും സാംസ്കാരിക ദേശീയതയ്ക്കും തിലക് നൽകിയ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഗണപതി, ശിവാജി ആഘോഷങ്ങളിലൂടെ സാംസ്കാരിക ദേശീയതയ്ക്ക് തിലക് ശക്തമായ അടിത്തറയിട്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അജിത് ഡോവലിന്റെ സുരക്ഷാ വൈദഗ്ധ്യം നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. അഹമ്മദാബാദ് സ്ഫോടനപരമ്പരയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഡോവൽ നൽകിയ നിർദേശങ്ങൾ ഗുജറാത്ത് പൊലീസിന് നിർണായകമായിരുന്നുവെന്നും, അതിലൂടെ അഹമ്മദാബാദ് സ്ഫോടനക്കേസിനൊപ്പം രാജ്യത്തെ മറ്റ് നിരവധി സ്ഫോടനക്കേസുകളിലെയും അന്വേഷണത്തിന് പുരോഗതിയുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.
2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് പിന്നാലെ അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചതും ഷാ പരാമർശിച്ചു. മുൻകാല വിദേശനയത്തിലെ ദൗർബല്യങ്ങൾക്ക് പകരം ഇന്ന് ഇന്ത്യയുടെ വിദേശനയത്തിന് “ഉരുക്കിന്റെ നട്ടെല്ല്” ലഭിച്ചിട്ടുണ്ടെന്നും, ദേശീയ ആത്മാഭിമാനം നിലനിർത്തിക്കൊണ്ട് ആഗോളതലത്തിൽ ഇന്ത്യയുടെ നിലപാട് കൂടുതൽ ശക്തമായെന്നും അദ്ദേഹം പറഞ്ഞു. ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം പോലുള്ള അംഗീകാരങ്ങൾ വെറും പ്രദർശനത്തിനുള്ളതല്ലെന്നും, രാജ്യത്തിനും സമൂഹത്തിനുമായി ജീവിതം സമർപ്പിച്ച വ്യക്തികളോടുള്ള സമൂഹത്തിന്റെ നന്ദിപ്രകടനമാണെന്നും അമിത് ഷാ പറഞ്ഞു. അത്തരം വ്യക്തികളെ ആദരിക്കുന്നത് വിവിധ മേഖലകളിൽ രാജ്യത്തിനായി പ്രവർത്തിക്കുന്നവർക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Union Home Minister Amit Shah conferred the Lokmanya Tilak National Award 2026 on National Security Advisor Ajit Doval in Pune. Shah praised Doval’s contributions to India’s internal and external security, saying that a “golden page” would be reserved for him in the country’s history.


