‘ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടിയില്ലെങ്കില്‍ പ്രക്ഷോഭം’; ഗെഹ്ലോട്ടിന് സച്ചിന്‍ പൈലറ്റിന്റെ അന്ത്യശാസനം; ജന്‍ സംഘര്‍ഷ് യാത്ര സമാപിച്ചു
May 15, 2023, 19:05 IST

രാജസ്ഥാനിലെ സച്ചിന്‍ പൈലറ്റ്- അശോക് ഗെഹ്ലോട്ട് പോര് കൂടുതല്‍ രൂക്ഷതയിലേക്ക്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി സച്ചിന്‍ പൈലറ്റ് ഗെഹ്ലോട്ടിന് അന്ത്യശാസനം നല്‍കി. രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പേപ്പര്‍ ചോര്‍ച്ച വിഷയത്തിലും നടപടി വേണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനം ആയില്ലെങ്കില്‍ പ്രക്ഷോഭം തുടരുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. അഴിമതിക്കെതിരെ സച്ചിന്‍ പൈലറ്റ് ആരംഭിച്ച ജന്‍സംഘര്‍ഷ് യാത്ര ജയ്പൂരില്‍ സമാപിച്ചു.
വസുന്ധര സര്‍ക്കാര്‍ കാലത്തെ അഴിമതിക്കെതിരെ ഗെലോട്ട് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യാത്രയില്‍ ഉടനീളം പൈലറ്റ് ആവശ്യപ്പെട്ടിരുന്നു. ആരോടും വ്യക്തിപരമായി ഭിന്നതയില്‍ ഇല്ലെന്നും,നടപടിയെടുക്കാന്‍ ആറുമാസം കൂടി സമയം ഉണ്ടെന്നും പൈലറ്റ് ഓര്‍മിപ്പിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തിലും അഴിമതിക്കെതിരെയും അശോക് ഗലോട്ട് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് അജ്മീരില്‍ നിന്ന് ആരംഭിച്ച ജനസംഘര്‍ഷ് യാത്ര 125 കിലോമീറ്റര്‍ പിന്നിട്ടാണ് ജയ്പൂരില്‍ എത്തിയത്.