ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ മാസങ്ങളായി ചർച്ചയിലായിരുന്ന വ്യാപാരക്കരാർ പരാജയപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് മൂലമാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക്. കരാർ ഒപ്പിടാൻ സജ്ജമായ ഘട്ടത്തിൽ മോദി ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കണമായിരുന്നുവെന്നും എന്നാൽ അതിന് ഇന്ത്യൻ ഭാഗത്തുനിന്ന് തയ്യാറെടുപ്പുകൾ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(PM Modi didn't call Trump, US official reveals reason behind trade deal failure)
വ്യാപാരക്കരാറിലെ എല്ലാ നിബന്ധനകളും ഇരുരാജ്യങ്ങളും അംഗീകരിച്ച് തയ്യാറാക്കിയിരുന്നു. എന്നാൽ ഇത് ട്രംപിന്റെ വ്യക്തിപരമായ താൽപ്പര്യമുള്ള ഇടപാടായതിനാൽ മോദി അദ്ദേഹത്തെ നേരിട്ട് വിളിക്കണമായിരുന്നു. ട്രംപിനെ നേരിട്ട് വിളിക്കുന്ന കാര്യത്തിൽ ഇന്ത്യൻ സർക്കാരിന് ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതിനാൽ മോദി വിളിക്കാൻ തയ്യാറായില്ല. ഇന്ത്യയുമായുള്ള കരാർ ഒപ്പിടുമെന്നാണ് യുഎസ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത് നടക്കാത്തതിനാൽ തൊട്ടടുത്ത ആഴ്ചകളിൽ ഇന്തോനേഷ്യ, ഫിലിപ്പിൻസ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായി യുഎസ് പുതിയ വ്യാപാര കരാറുകൾ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പഴയ കരാറിലേക്ക് മടങ്ങാൻ ഇനി അമേരിക്ക തയ്യാറല്ല. "മൂന്നാഴ്ച മുമ്പ് ആ ട്രെയിൻ സ്റ്റേഷൻ വിട്ടുപോയി" എന്നാണ് കരാറിനെക്കുറിച്ച് ലുട്ട്‌നിക് പ്രതികരിച്ചത്. മുൻപ് അംഗീകരിച്ച വ്യവസ്ഥകളിൽ നിന്ന് യുഎസ് ഇപ്പോൾ പൂർണ്ണമായും പിന്മാറിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിൽ ഈ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.