

ന്യൂഡൽഹി: യുഎസ് സന്ദർശക വിസയിലുള്ളവർ (B1, B2) നിബന്ധനകൾ ലംഘിക്കുകയോ അനുവദനീയമായ കാലയളവിൽ കൂടുതൽ അവിടെ താമസിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. നിയമലംഘകർക്ക് ഭാവിയിൽ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് സ്ഥിരം വിലക്ക് ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.(Attention B1 and B2 visa holders, Violation of the law will result in a permanent travel ban to the US)
ബിസിനസ് (B1), വിനോദസഞ്ചാരം (B2) ആവശ്യങ്ങൾക്കായി നൽകുന്ന വിസ ഉപയോഗിച്ച് മറ്റ് കാര്യങ്ങളിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്. വിസയിൽ അനുവദിച്ചിട്ടുള്ള നിശ്ചിത സമയപരിധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും.
വിസ ഇന്റർവ്യൂ വേളയിൽ സന്ദർശക വിസയുടെ നിബന്ധനകൾ പാലിക്കാൻ അപേക്ഷകന് താൽപ്പര്യമില്ലെന്ന് തോന്നിയാൽ വിസ നിഷേധിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. യുഎസ് നിയമങ്ങൾ ലംഘിക്കുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്താൽ വിദ്യാർത്ഥി വിസ റദ്ദാക്കുമെന്നും നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു.
"അമേരിക്ക സന്ദർശിക്കുമ്പോൾ ഏതൊക്കെ കാര്യങ്ങളാണ് അനുവദനീയമെന്നും ഏതൊക്കെയാണ് പാടില്ലാത്തതെന്നും വ്യക്തമായി മനസ്സിലാക്കുക. വിസ ശരിയായി ഉപയോഗിക്കേണ്ടത് ഓരോ യാത്രികന്റെയും ഉത്തരവാദിത്തമാണ്." - യുഎസ് എംബസി അറിയിച്ചു.