മിസൈലുകളെ വെല്ലുന്ന വേഗം; വെടിമരുന്നില്ലാത്ത പീരങ്കി: 'ഇലക്ട്രോ മാഗ്നറ്റിക് റെയിൽ ഗൺ' സാങ്കേതിക വിദ്യയുമായി ഇന്ത്യ | Electromagnetic Rail Gun

ഇതിന് ചെലവ് വളരെ കുറവാണ്
മിസൈലുകളെ വെല്ലുന്ന വേഗം; വെടിമരുന്നില്ലാത്ത പീരങ്കി: 'ഇലക്ട്രോ മാഗ്നറ്റിക് റെയിൽ ഗൺ' സാങ്കേതിക വിദ്യയുമായി ഇന്ത്യ | Electromagnetic Rail Gun
Updated on

ന്യൂഡൽഹി: അതിർത്തികളിൽ ശത്രുക്കളുടെ ഹൈപ്പർസോണിക് മിസൈലുകളെയും ഡ്രോണുകളെയും തകർക്കാൻ ശേഷിയുള്ള ഇലക്ട്രോ മാഗ്നറ്റിക് റെയിൽ ഗണ്ണുകൾ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്നു. ഈ സാങ്കേതികവിദ്യ പൂർണ്ണമായി സ്വായത്തമാക്കുന്നതോടെ ലോകത്തെ വിരലിലെണ്ണാവുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയരും.(Speeding faster than missiles, India to develop Electromagnetic Rail Gun technology)

സാധാരണ പീരങ്കികളിൽ പ്രൊജക്‌റ്റൈലുകൾ തൊടുക്കാൻ വെടിമരുന്നാണ് ഉപയോഗിക്കുന്നത്. എന്നാൽ റെയിൽ ഗണ്ണിൽ അതിശക്തമായ വൈദ്യുതകാന്തിക മണ്ഡലം ഉപയോഗിച്ചാണ് ഇവ വിക്ഷേപിക്കുന്നത്. സെക്കൻഡിൽ ഏകദേശം 2,000 മീറ്റർ വേഗതയിൽ പ്രൊജക്‌റ്റൈലുകൾ വിക്ഷേപിക്കാൻ ഇതിന് സാധിക്കും.

ഏകദേശം 50 കിലോ ഭാരമുള്ള പ്രൊജക്‌റ്റൈലുകളെ 200 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി തൊടുത്തുവിടാനാകും. 11,000 വോൾട്ട് വൈദ്യുതിയും 2.5 മെഗാ ആംപിയർ കറന്റും ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. കോടികൾ വിലയുള്ള മിസൈലുകളെ അപേക്ഷിച്ച് റെയിൽ ഗൺ പ്രൊജക്‌റ്റൈലുകൾക്ക് ചെലവ് വളരെ കുറവാണ്.

വെടിമരുന്നോ രാസവസ്തുക്കളോ ഉപയോഗിക്കാത്തതിനാൽ കൈകാര്യം ചെയ്യുന്നത് എളുപ്പവും സുരക്ഷിതവുമാണ്. വലിപ്പം കുറവായതിനാൽ കപ്പലുകളിലും വാഹനങ്ങളിലും കൂടുതൽ പ്രൊജക്‌റ്റൈലുകൾ സൂക്ഷിക്കാം. യുദ്ധസമയത്ത് കൂടുതൽ തവണ വെടിയുതിർക്കാൻ ഇത് സഹായിക്കും. ഹൈപ്പർ സോണിക് മിസൈലുകളെയും ഡ്രോൺ കൂട്ടങ്ങളെയും തടയാൻ റെയിൽ ഗണ്ണുകൾക്ക് അസാമാന്യ ശേഷിയുണ്ട്.

നിലവിൽ ചൈനയും ജപ്പാനും ഇതിന്റെ പരീക്ഷണഘട്ടങ്ങളിലാണ്. ചൈന തങ്ങളുടെ യുദ്ധക്കപ്പലുകളിൽ പ്രോട്ടോടൈപ്പുകൾ പരീക്ഷിച്ചുകഴിഞ്ഞു. അമേരിക്ക ഈ പദ്ധതി താത്കാലികമായി നിർത്തിവെച്ചിരിക്കുമ്പോൾ, ഫ്രാൻസും തുർക്കിയും ഗവേഷണങ്ങളുമായി മുന്നിലുണ്ട്. അടുത്ത 10 വർഷത്തിനുള്ളിൽ ഈ ആയുധം ഇന്ത്യൻ സേനയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ARDE മുന്നോട്ട് പോകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com