

ഭിണ്ഡ്: മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലുള്ള ഗംഗേപുര ഗ്രാമത്തിൽ നടന്ന 70-കാരനായ ശിവനാരായണ കൗരവിന്റെ കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ് (Madhya Pradesh Murder Case). രണ്ട് മാസമായി പോലീസിനെ കുഴപ്പിച്ചിരുന്ന ഈ കേസ് തെളിയിക്കാൻ സഹായിച്ചത് സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഒരു ചെറിയ കഷ്ണം പേപ്പറും പോലീസ് നായയുമാണ്. കൊല്ലപ്പെട്ട ശിവനാരായണന്റെ അനന്തരവൻ ശിവരത്തൻ കൗരവ്, ചെറുമകൻ മഹേന്ദ്ര കൗരവ്, ഗ്രാമവാസിയായ ബദാം സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
31 ഏക്കറോളം വരുന്ന പൂർവ്വിക സ്വത്തിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശിവനാരായണന്റെ സഹോദരിക്ക് ഭൂമിയിലുള്ള അവകാശത്തെ അദ്ദേഹം അനുകൂലിച്ചതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ നവംബർ 14-ന് രാത്രി വയലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ശിവനാരായണനെ പ്രതികൾ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു.
അന്വേഷണത്തിനിടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ചില പേരുകൾ എഴുതിയ ഒരു ചെറിയ പേപ്പർ കഷ്ണം പോലീസിന് ലഭിച്ചിരുന്നു. ഫൊറൻസിക് പരിശോധനയ്ക്കിടെ പോലീസ് നായയെ ഈ പേപ്പർ മണപ്പിച്ചു. പേപ്പറിന്റെ മണം പിടിച്ച നായ നേരെ ഓടിയെത്തിയത് ബദാം സിംഗിന്റെ വീട്ടിലേക്കായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. സ്വത്ത് തട്ടിയെടുക്കാൻ ബന്ധുക്കൾ ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നു ഇതെന്ന് പ്രതികൾ സമ്മതിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലിയും ഇരുമ്പ് വടിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Madhya Pradesh police have solved the two-month-old murder mystery of 70-year-old Shivnarayan Kaurav using a crumpled piece of paper and a sniffer dog. The victim was murdered in Gangepura village over a dispute involving 31 acres of ancestral land. Investigators found a scrap of paper with blurred names near the body; a sniffer dog followed the scent of the paper to the house of a local resident, Badam Singh, who later confessed and named the victim's nephew and grandson as co-conspirators.