ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ; അപ്പുക്കുട്ട പൊതുവാളടക്കം നാല് മലയാളികള്‍ക്ക് പദ്മശ്രീ

ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ; അപ്പുക്കുട്ട പൊതുവാളടക്കം നാല് മലയാളികള്‍ക്ക് പദ്മശ്രീ
ന്യൂഡല്‍ഹി: 106 പേർക്ക് ഈ വർഷത്തെ പത്മ പുരസ്കാരങ്ങള്‍. ആറ് പേർക്ക് പത്മവിഭൂഷണ്‍, ഒമ്പത് പേർക്ക് പത്മഭൂഷണ്‍, 91 പത്മശ്രീ എന്നിങ്ങനെയാണ് ഇത്തവണത്തെ പുരസ്കാരങ്ങള്‍. ഒ.ആർ.എസിന്റെ പിതാവ് ഡോ. ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ ലഭിച്ചു. മലയാളിയായ ഗാന്ധിയൻ വി.പി. അപ്പുക്കുട്ട പൊതുവാൾ ഉൾപ്പെടെ നാല് മലയാളികൾക്ക് പത്മശ്രീയും  ലഭിച്ചു. അപ്പുക്കുട്ട പൊതുവാളിന് പുറമെ മലയാളികളായ സി.ഐ. ഐസക്ക്, എസ്.ആർ.ഡി. പ്രസാദ്, ചെറുവയൽ കെ. രാമൻ എന്നിവർക്ക് പദ്മശ്രീ ലഭിച്ചു.  കോളറ ബാധിച്ച കോടിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച ഈ ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പി വികസിപ്പിച്ച ഡോക്ടറും ഗവേഷകനുമായിരുന്നു ദിലിപ് മഹലനാബിസ്. 1971-ലെ ബംഗ്ലാദേശിലെ വിമോചനയുദ്ധകാലത്ത് അഭയാര്‍ഥി ക്യാമ്പില്‍ കോളറയും ഡയേറിയയും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെ രക്ഷയായത് മഹലനാബിസിന്റെ കണ്ടുപിടുത്തമായിരുന്നു. 2022 ഒക്ടോബർ 16-ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്. ഗാന്ധിമാർഗത്തെ പാഠപുസ്തകമാക്കി ഗാന്ധിയൻ ദർശന വഴിയിലെ ചൈതന്യമായി മാറിയ ആളാണ് വി.പി.അപ്പുക്കുട്ട പൊതുവാൾ. 1930-ന് ഉപ്പുസത്യാഗ്രഹജാഥ നേരിട്ടുകണ്ട ആവേശം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതിലേക്ക് അപ്പുക്കുട്ടപൊതുവാളിനെ നയിച്ചു. സമരസമിതിയുടെ നിർദേശാനുസരണം പിന്നണിയിൽ പ്രവർത്തിച്ച അദ്ദേഹം വിദ്യാർഥിവിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 

Share this story