

അഗർത്തല: ത്രിപുരയിലെ ധലായ് ജില്ലയിൽ മസ്ജിദ് തീയിടാനും പ്രകോപനം സൃഷ്ടിക്കാനും ശ്രമം. മനു - ചൗമനു റോഡിലെ മൈനാമ ജമാ മസ്ജിദിൽ ഡിസംബർ 24-നാണ് സംഭവം നടന്നത്. മസ്ജിദ് കോമ്പൗണ്ടിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും ബജ്റംഗ് ദൾ പതാകയും ഭീഷണിക്കത്തും കണ്ടെടുത്തു.
പുലർച്ചെ പ്രാർത്ഥനയ്ക്കായി എത്തിയ ഇമാമാണ് പള്ളിക്കുള്ളിൽ മദ്യക്കുപ്പികൾ കിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പള്ളിയുടെ ചില ഭാഗങ്ങൾക്ക് തീയിട്ടതായും കണ്ടെത്തി. എന്നാൽ തീ പടരാതിരുന്നതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവായി.
'അവസാന മുന്നറിയിപ്പ്'; കത്തിലെ ഉള്ളടക്കം
സംഭവസ്ഥലത്തുനിന്നും കണ്ടെടുത്ത കത്തിൽ ജയ് ശ്രീറാം എന്ന് എഴുതിയതിനൊപ്പം ഗുരുതരമായ ഭീഷണികളുമുണ്ടായിരുന്നു. "ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണ്, ഇതിലും വലുതാണ് അടുത്തത് സംഭവിക്കുക" എന്നാണ് കത്തിൽ രേഖപ്പെടുത്തിയിരുന്നത്. പ്രദേശത്തെ മുസ്ലിം സമൂഹത്തിനിടയിൽ ഭീതി പടർത്താനും ബോധപൂർവം അക്രമത്തിന് പ്രേരിപ്പിക്കാനുമാണ് ഇത്തരം പ്രവൃത്തികൾക്ക് പിന്നിലെ ലക്ഷ്യമെന്ന് മസ്ജിദ് അധികൃതർ ആരോപിച്ചു.
പോലീസ് അന്വേഷണം ആരംഭിച്ചു
സംഭവത്തിൽ മസ്ജിദ് കമ്മിറ്റി ചൗമാനു പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. വർഗീയ ഐക്യം തകർക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.