ബെംഗളൂരു: കൊഗിലു ലേഔട്ടിൽ നൂറുകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കി നടന്ന കുടിയൊഴിപ്പിക്കൽ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എ.എ. റഹീം എം.പി. ഡിസംബർ 20-ന് പുലർച്ചെ നടന്ന ബുൾഡോസർ രാജ്, സംഘപരിവാർ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന അതേ വർഗീയ വേട്ടയുടെ കോൺഗ്രസ് പതിപ്പാണെന്ന് അദ്ദേഹം ആരോപിച്ചു. സംഭവസ്ഥലം സന്ദർശിച്ച ശേഷം ഫേസ്ബുക്കിലൂടെയായിരുന്നു എം.പിയുടെ പ്രതികരണം.(Congress version bulldozer raj in Karnataka, says AA Rahim MP)
മഞ്ഞുപെയ്യുന്ന വെളുപ്പാൻകാലത്ത് ഉറങ്ങിക്കിടന്ന മനുഷ്യരുടെ മേൽ ബുൾഡോസറുകൾ കയറ്റിവിടുകയാണ് ഉണ്ടായതെന്ന് റഹീം ചൂണ്ടിക്കാട്ടി. മൂന്ന് മണിക്കൂർ കൊണ്ട് 200-ഓളം വീടുകളാണ് തകർത്തത്. ആയിരത്തോളം പേർക്ക് കിടപ്പാടം നഷ്ടമായി. ഇതിൽ ഗർഭിണികളും കുഞ്ഞുങ്ങളും വൃദ്ധരും ഉൾപ്പെടുന്നു. ഖവാലി പാടിയും ഭിക്ഷ എടുത്തും ഇവർ പണിതുയർത്തിയ ചെറിയ സ്വപ്നക്കൂടുകളാണ് തകർത്തതെന്ന് അദ്ദേഹം വികാരാധീനനായി കുറിച്ചു.
'അനധികൃത കുടിയേറ്റം ഒഴിപ്പിച്ചു' എന്ന കോൺഗ്രസ് സർക്കാരിന്റെ വിശദീകരണം പച്ചക്കള്ളമാണെന്ന് എം.പി പറഞ്ഞു. വീട് നഷ്ടപ്പെട്ട എല്ലാവർക്കും വോട്ടർ ഐഡി, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങി എല്ലാ ഔദ്യോഗിക രേഖകളുമുണ്ട്. ഇവർക്ക് ഭൂമിയിൽ അവകാശമുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളും സ്ഥിരീകരിച്ചിട്ടുണ്ട്.
നിർമ്മാണ പ്രവർത്തനങ്ങൾക്കാണെങ്കിൽ പോലും ഇത്തരത്തിൽ മനുഷ്യത്വവിരുദ്ധമായി ബുൾഡോസറുകൾ അയക്കേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ പ്രതികരിച്ചതോടെയാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് റഹീം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷമാണ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് പോലും ഈ വിഷയത്തിൽ വിശദീകരണം നൽകേണ്ടി വന്നത്. കഠിനമായ മഞ്ഞിൽ അവശിഷ്ടങ്ങൾക്കിടയിൽ കഴിയുന്ന ആ പാവങ്ങൾ പിണറായി വിജയനോട് നന്ദി പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവും റവന്യൂ മന്ത്രിയുമായ കൃഷ്ണ ഭൈരെ ഗൗഢയുടെ സ്വന്തം മണ്ഡലത്തിലാണ് ഈ ക്രൂരത നടന്നത്. എന്നാൽ ഒരു തവണ പോലും ഇരകളെ കാണാൻ അദ്ദേഹം തയ്യാറായിട്ടില്ല. സമ്പന്നരുടെ അനധികൃത നിർമ്മാണങ്ങൾക്ക് നേരെ നീങ്ങാത്ത ബുൾഡോസറുകൾ പാവപ്പെട്ട മുസ്ലിങ്ങൾക്കും ദളിതർക്കും നേരെ മാത്രം പാഞ്ഞടുക്കുന്നത് എന്തുകൊണ്ടാണെന്ന് എം.പി ചോദിച്ചു.
ഡി.വൈ.എഫ്.ഐ കർണാടക സംസ്ഥാന സെക്രട്ടറി ബസവരാജ് പൂജ്ജാർ, എ.ആർ. നരേഷ് ബാബു തുടങ്ങിയ നേതാക്കളും എം.പിക്കൊപ്പമുണ്ടായിരുന്നു. ഇരകളുടെ ശബ്ദമായി നമ്മൾ മാറണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.