ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ തലസ്ഥാനത്ത് വ്യാപക പ്രതിഷേധം. കേസിലെ അതിജീവിതയും അമ്മയും വനിതാ പ്രവർത്തകരും ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഇന്ത്യാ ഗേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.(Unnao rape case, Social activists protest in Delhi today against the bail of the accused)
വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡൽഹി ഹൈക്കോടതി മരവിപ്പിച്ചത്. ഇതിന് പിന്നാലെ സെംഗാറിന് ഉപാധികളോടെ ജാമ്യവും അനുവദിച്ചു. ഈ വിധി നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്ന് ആരോപിച്ചാണ് സാമൂഹിക പ്രവർത്തകരും വനിതാ സംഘടനകളും തെരുവിലിറങ്ങുന്നത്.
കുൽദീപ് സിംഗ് സെംഗാറിന് അനുവദിച്ച ജാമ്യം അടിയന്തരമായി റദ്ദാക്കുക. അതിജീവിതയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുക. നീതിക്കായി കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ഇന്നലെ പാർലമെന്റിന് മുന്നിലും ഡൽഹി ഹൈക്കോടതി പരിസരത്തും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. തനിക്കും കുടുംബത്തിനും കടുത്ത ഭീഷണിയുണ്ടെന്നും പ്രതിക്ക് ജാമ്യം ലഭിച്ചത് ഞെട്ടിക്കുന്നതാണെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധത്തിനിടെ അതിജീവിതയെയും അമ്മയെയും പോലീസ് നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർഷാവസ്ഥയ്ക്കും കാരണമായി.