ഭരണഘടന അംഗീകരിച്ച് മുന്നോട്ടു പോകേണ്ടത് പൗരന്റെ കടമ; രാഷ്ട്രപതി
Wed, 25 Jan 2023

ന്യൂഡൽഹി: റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. സർക്കാരിന്റെ സമയബന്ധിതമായ ഇടപെടലുകളിലൂടെയാണ് ഇത് സാധ്യമായതെന്നും രാഷ്ട്രപതി പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ ജനാധിപത്യത്തിനു വഴികാട്ടിയായത് ഭരണഘടനയാണ്. ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്റെയും കടമയാണ്. വികസന യാത്രയിലാണ് രാജ്യം. ജനാധിപത്യം, ബഹുസ്വരത എന്നിവയെ പരിപോഷിപ്പിക്കുന്നതിനും മികച്ച ലോകവും ഭാവിയും രൂപപ്പെടുത്തുന്നതിനുമുള്ള അവസരമാണ് ജി20 അധ്യക്ഷത പദവിയിലൂടെ ലഭിച്ചതെന്നും ദ്രൗപദി മുർമു പറഞ്ഞു. രാഷ്ട്രനിർമാണത്തിൽ സ്ത്രീകൾക്കു കൂടുതൽ ഇടം നൽകണം. രാജ്യത്തിനു അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.